കേരളത്തിലെ ബഫർ സോൺ മേഖലകളിലെ നിർമിതികളുടെയും കൃഷിയിടങ്ങളുടെയും ഉപഗ്രഹ സർവേ റിപ്പോർട്ട് നാളെ പൊതുജനങ്ങൾക്കായി പ്രസിദ്ധീകരിക്കുന്ന സാഹചര്യത്തിൽ റിപ്പോർട്ട് 115 പഞ്ചായത്തുകളിലേയും മലയോര ഗ്രാമങ്ങളിൽ കൃത്യമായി വെരിഫിക്കേഷൻ നടത്തുന്നതിന് 115 പഞ്ചായത്തുകളിലും ഹെൽപ്പ് ഡെസ്ക് സ്ഥാപിക്കണമെന്ന് വനംവകുപ്പ് മന്ത്രിയോടു കെസിബിസി ജെപിഡി(ജസ്റ്റീസ്,പീസ്,ഡവലപ്മെന്റ്) കമ്മീഷൻ ആവശ്യപ്പെട്ടു.
ബഫർ സോൺ വിഷയത്തിൽ മലയോര കര്‍ഷകരും ഇടവകകളും സാമൂഹ്യസംഘടനകളും പഞ്ചായത്തുകളും ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്നു ചെയർമാൻ മാർ ജോസ് പുളിക്കൽ ആവശ്യപ്പെട്ടു.
ഈ സാഹചര്യത്തിൽ റിപ്പോർട്ടിലും രേഖകളിലും ഉള്‍പ്പെടാതെപോയ ഭവനങ്ങൾ, കൃഷിയിടങ്ങൾ, ഇതര നിർമിതികൾ, പൊതുഇടങ്ങൾ എന്നിവയുണ്ടെങ്കിൽ അവയുടെ വിശദാംശങ്ങൾ 23ന് അകം eszexpertco [email protected] എന്ന ഇമെയിലിലോ, ജോയിന്റ് സെക്രട്ടറി,കേരള ഫോറസ്റ്റ് ആൻഡ് വൈൽഡ് ലൈഫ് ഡിപ്പാർട്ട്മെന്റ് , 5-ാംനില, തിരുവനന്തപുരം 695001 എന്ന വിലാസത്തിൽ പോസ്റ്റ് വഴിയോ റിപ്പോര്‍ട്ടിനോടൊപ്പം പ്രസിദ്ധീകരിക്കുന്ന പ്രത്യേക ഫോറത്തിൽ ഒരോ കർഷകനും വിശദവിവരങ്ങൾ അറിയിക്കണം.
ഇപ്രകാരം ലഭിക്കുന്ന വിവരങ്ങൾ തദ്ദേശവകുപ്പ് കുടുംബശ്രീ മുഖേന പരിശോധിച്ച് ജനുവരി 14നു മുമ്പായി വിദഗ്ധസമിതി മുന്‍പാകെ സമർപ്പിക്കുകയും ചെയ്യും. ബഫർസോൺ പ്രദേശത്തെ കർഷകർ, കർഷക സംഘടനാ നേതാക്കൾ, ഇടവകകൾ, ഇതര സാമൂഹ്യപ്രവർത്തകർ എന്നിവര്‍ പ്രത്യേകം ജാഗ്രത പുലർത്തണമെന്നും കേരള കാത്തലിക് ബിഷപ്സ് കൗൺസിൽ ആവശ്യപ്പെട്ടു.