മാലൂരിലെ അമ്മയുടെയും മകന്റെയും മരണം:മകൻ അമിത മദ്യപാനി, വാക്കുതർക്കം പതിവെന്ന് നാട്ടുകാർ
മാലൂർ(കണ്ണൂർ): മാലൂരിൽ അമ്മ നിർമലയെ കൊലപ്പെടുത്തി ജീവനൊടുക്കിയെന്ന് സംശയിക്കുന്ന സുമേഷ് നിരന്തരം തല്ലുകൂടുന്നത് കാരണം കുറച്ചുകാലമായി സുഹൃത്തുകളുമായി ബന്ധം സ്ഥാപിക്കാറില്ല. ഇതുമായി ബന്ധപ്പെട്ട കേസുകളുമുണ്ട്. മദ്യപിച്ച് വണ്ടിയോടിച്ച് അഞ്ചുതവണ അപകടത്തിൽപ്പെട്ടതായി നാട്ടുകാർ പറഞ്ഞു.ഞായറാഴ്ച രാത്രി അമ്മയും മകനും തമ്മിൽ രൂക്ഷമായ വാക്കേറ്റം നടന്നതോടെ ഉണ്ടാക്കിയ ഭക്ഷണം രണ്ടുപേരും കഴിച്ചില്ലെന്ന് വീട്ടിനകത്തെ സാഹചര്യങ്ങൾ വ്യക്തമാക്കുന്നു. പാകംചെയ്ത ചോറും കറിയും അടുക്കളയിൽ അടച്ചുവെച്ചനിലയിലാണ്. രാത്രി മദ്യപിച്ചെത്തിയ സുമേഷ് അമ്മയുമായി വാക്കുതർക്കം ഉണ്ടായതിനെ തുടർന്ന് ഇരുവരും ഭക്ഷണം കഴിക്കാൻ തയ്യാറായില്ലെന്നാണ് കരുതുന്നത്.
വീട്ടിന് പിറകിലായി നിർമലയുടെ അനുജത്തിയുടെ വീടും മുൻഭാഗത്ത് സഹോദരന്റെ വീടുമാണ്. എന്നാൽ,ഇവരുമായി കാര്യമായ ബന്ധമൊന്നും ഇല്ലെന്ന് നാട്ടുകാർ പറഞ്ഞു. നിർമല സൗഹൃദം സ്ഥാപിക്കാറുണ്ടെങ്കിലും സുമേഷിന് എതിർപ്പായിരുന്നു.മരപ്പണിക്കാരനായ സുമേഷിന് പിന്നീട് കെ.എസ്.ഇ.ബി.യിൽ ലൈൻമാനായി ജോലി ലഭിച്ചിരുന്നു. പെരളശ്ശേരിയിൽ ജോലിചെയ്യുന്നതിനിടെ നാട്ടിലെ തിറഉത്സവത്തിൽ നാട്ടുകാരനായ അധ്യാപകനെ വീട്ടിൽ കയറി അക്രമിക്കുകയും കാർ തല്ലിത്തകർക്കുകയും ചെയ്തതിന് ജോലിയിൽനിന്ന് ആറുമാസത്തേക്ക് സസ്പെൻഡ് ചെയ്തു.കഴിഞ്ഞമാസമാണ് ജോലിക്ക്
വീണ്ടും പ്രവേശിച്ചത്. സസ്പെൻഷൻ കാലാവധി കഴിഞ്ഞ് ഇടുക്കി മറയൂരിലാണ് വീണ്ടും നിയമനം ലഭിച്ചത്. ഇതോടെ ജോലിക്ക് വല്ലപ്പോഴും മാത്രമേ പോകാറുള്ളൂവെന്ന് ബന്ധുക്കൾ പറഞ്ഞു.