കടുത്ത മൂടൽ മഞ്ഞ്; ദില്ലിയിൽ ഇന്നും വിമാനങ്ങളും ട്രെയിനുകളും വൈകി
ദില്ലി: ശക്തമായ മൂടൽ മഞ്ഞിനെ തുടർന്ന് ബുധനാഴ്ച ഫ്ലൈറ്റുകളും ട്രെയിനുകളും വൈകി. ഇന്ദിര ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്നും പുറപ്പെടുന്ന ഫ്ലൈറ്റുകളും ദില്ലിയിലേക്ക് പുറപ്പെട്ട ട്രെയിനുകളുമാണ് മൂടൽമഞ്ഞിനെ തുടർന്ന് വൈകിയത്.
ബ്രഹ്മപുത്ര മെയിൽ (15658), പൂർവ എക്സ്പ്രസ് (12303) പുരുഷോട്ടം എക്സ്പ്രസ് (12801) ജിസിടി എഎൻവിടി എസ്എഫ് എക്സ്പ്രസ് (22433) തുടങ്ങിയ ട്രെയിൻ സർവീസുകളാണ് വൈകിയത്. ഉത്തർപ്രദേശിലെ വടക്കൻ ഭാഗങ്ങളിലും, ബീഹാർ, വെസ്റ്റ് ബംഗാൾ തുടങ്ങിയ സംസ്ഥലങ്ങളിലുമാണ് കടുത്ത മൂടൽമഞ്ഞ് ഉള്ളതായി കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. 10.4 ഡിഗ്രി സെൽഷ്യസ് താപനിലയാണ് ബുധനാഴ്ച രാവിലെ ദില്ലിയിൽ രേഖപ്പെടുത്തിയത്.
കൊടും തണുപ്പിൽ തെരുവോരങ്ങളിൽ കഴിയുന്നവർക്ക് രാത്രി അഭയത്തിനായി ദില്ലിയിലെ അർബൻ ഷെൽട്ടർ ഇമ്പ്രൂവ്മെന്റ് ബോർഡ് പലസ്ഥലങ്ങളിലായി 235 ടെന്റുകൾ ഒരുക്കിയിട്ടുണ്ട്.
അതേസമയം രാജ്യ തലസ്ഥാനത്തെ വായുമലിനീകരണം മോശമായി തന്നെ തുടരുന്നു. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് പ്രകാരം വായുനിലവാര സൂചിക നിലവിൽ 262 ആണ് രേഖപ്പെടുത്തിയിട്ടുള്ളത്. പൂജ്യം മുതൽ 50 വരെ നല്ലത്, 51-100 തൃപ്തികരം, 101 – 200 മിതമായതും, 201 – 300 മോശം, 301-400 വളരെ മോശം, 401- 500 രൂക്ഷം എന്നിങ്ങനെയാണ് വായു നിലവാര സൂചികൾ.
അയോധ്യ, ഉത്തർ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലും മഞ്ഞ് മൂടലുള്ളതായി അനുഭവപെട്ടു. 11 ഡിഗ്രി സെൽഷ്യസ് താപനിലയാണ് അയോധ്യയിൽ ഇന്ന് രേഖപ്പെടുത്തിയിട്ടുള്ളത്.