Uncategorized

ഒരു ചോദ്യത്തിന് രണ്ട് ഉത്തരങ്ങള്‍; നീറ്റ് യുജി പുനഃപരീക്ഷയിലും പിഴവ്

ന്യൂഡല്‍ഹി: നീറ്റ് യുജി പുനഃപരീക്ഷയിലും പിഴവ്. ഫിസിക്‌സ് ചോദ്യപേപ്പറിലാണ് രണ്ട് പിഴവുകള്‍ കണ്ടെത്തിയത്. ഒരു ചോദ്യത്തിന് ശരിയുത്തരമില്ല. മറ്റൊരു ചോദ്യത്തിന് രണ്ട് ശരിയുത്തരങ്ങളാണ് ഉള്ളതെന്നും കണ്ടെത്തിയിട്ടുണ്ട്. 22-ാമത്തെ ചോദ്യത്തിനാണ് 3-ഉം 4-ഉം ഉത്തരങ്ങള്‍ ശരിയായി നല്‍കിയിരിക്കുന്നത്.

ഇവ രണ്ടും ശരിയായി കണക്കാക്കുമെന്നാണ് വിവരം. നാല്‍പതാമത്തെ ചോദ്യത്തിനാണ് ഉത്തരം സെലക്ട് ചെയ്യാനുള്ള ഓപ്ഷന്‍ ഇല്ലാത്തത്. ഇതോടെ ഈ ചോദ്യം ഒഴിവാക്കി മൂല്യ നിര്‍ണയം നടത്താനാണ് എന്‍ടിഎയുടെ തീരുമാനം. എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും നാല് ബോണസ് മാര്‍ക്ക് ലഭിക്കും.

മെയ് മൂന്നിന് നടന്ന പരീക്ഷ, ചോദ്യ പേപ്പര്‍ ചോര്‍ച്ചയെ തുടര്‍ന്ന് റദ്ദാക്കിയതോടെയാണ് പുനഃപരീക്ഷ നടന്നത്. ചോദ്യപേപ്പര്‍ ചോര്‍ച്ച തടയുന്നതിനായി സുരക്ഷാ മാനദണ്ഡങ്ങൾ നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി കര്‍ശനമാക്കിയിരുന്നു. സിസിടിവി നിരീക്ഷണത്തിലായിരുന്നു പരീക്ഷ നടന്നത്. ജലക്ട്രോണിക് ഉപകരണങ്ങള്‍ ഉപയോഗിച്ചുള്ള തട്ടിപ്പുകള്‍ തടയാന്‍ 51,311 ജാമറുകളാണ് വിവിധ കേന്ദ്രങ്ങളിലായി ഉപയോഗിച്ചിരുന്നത്.ചോദ്യപേപ്പര്‍ തയ്യാറാക്കുന്ന അധ്യാപകരെ പ്രത്യേക സ്ഥലത്ത് പാര്‍പ്പിച്ചായിരുന്നു ചോദ്യങ്ങള്‍ തയ്യാറാക്കിയിരുന്നത്. ഇവര്‍ക്ക് മൊബൈല്‍ ഉള്‍പ്പടെ ഉപയോഗിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയിരുന്നു. ചോദ്യപേപ്പറുകള്‍ പരീക്ഷാകേന്ദ്രങ്ങളില്‍ എത്തിക്കുന്നതിന് ഇന്ത്യന്‍വ്യോമസേനയെയാണ് ഉപയോഗിച്ചത്.

എംഐ-17 ഹെലികോപ്റ്ററുകള്‍ ഉപയോഗിച്ചാണ് ചോദ്യപേപ്പറുകള്‍ രാജ്യത്തുടനീളമുള്ള പ്രത്യേക കേന്ദ്രങ്ങളില്‍ എത്തിച്ചത്. ഇവിടെ നിന്ന് ജിപിഎസ് ഘടിപ്പിച്ച പ്രത്യേക വാഹനങ്ങളിലാണ് ചോദ്യപേപ്പറുകള്‍ പരീക്ഷാകേന്ദ്രങ്ങളില്‍ എത്തിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button