Uncategorized

പുറമേയ്ക്ക് ആക്രിക്കച്ചവടം, പിടിച്ചത് 47 ലക്ഷം രൂപ, ദില്ലി നിയമസഭാ തെരഞ്ഞെടുപ്പ് അടുക്കുന്നു; നാടകീയ രംഗങ്ങള്‍

ദില്ലി: തെക്കൻ ദില്ലിയിലെ സംഗം വിഹാർ മേഖലയിൽ നടത്തിയ പൊലീസ് പരിശോധനക്കിടെ 47 ലക്ഷം രൂപ പിടിച്ചെടുത്തതായി ഉദ്യോഗസ്ഥർ അറിയിച്ചു. പൊലീസ് നടത്തിയ പതിവ് പരിശോധനയിലാണ് പണം പിടിച്ചെടുത്തത്. പണം പിടിച്ചെടുത്തയാൾ ആക്രിക്കച്ചവടക്കാരനാണ്. ഇയാൾ ഈ മേഖലയിൽത്തന്നെ താമസിച്ചു വരുന്ന ആളുമാണ്. 24 വയസുകാരനായ വസീം മാലിക് ആണ് പിടിയിലായത്. വ്യക്തമായ രേഖകൾ ഇല്ലാത്ത പണം ആണം പിടികൂടിയത്.

ഇയാൾ തന്നെയാണ് വാഹനം ഓടിച്ചിരുന്നത്. പൊലീസിന്റെ സ്റ്റാറ്റിക് സർവൈലൻസ് ടീം (എസ്എസ്ടി) ആണ് പ്രതിയെ പിടികൂടിയത്. പൊലീസ് പിടിച്ചെടുത്ത പണത്തിന് ആവശ്യമായ രേഖകൾ ഇയാളുടെ പക്കൽ ഉണ്ടായിരുന്നില്ല. പണത്തിൻ്റെ ഉറവിടം സംബന്ധിച്ച് അധികൃതർ അന്വേഷണം നടത്തി വരികയാണെന്നും നിയമപരമായ പ്രോട്ടോക്കോൾ അനുസരിച്ച് തുടർ നടപടികൾ സ്വീകരിക്കുമെന്നും പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.

അതേ സമയം, ഇന്നലെ ഡാർക്ക് വെബിൽ പ്രവർത്തിക്കുന്ന അന്താരാഷ്ട്ര മയക്കുമരുന്ന് സംഘത്തെയും ദില്ലി ക്രൈംബ്രാഞ്ച് കയ്യോടെ പിടികൂടിയിരുന്നു. രണ്ട് കോടിയിലധികം വിലമതിക്കുന്ന 6 കിലോഗ്രാം ഹൈഡ്രോപോണിക് കഞ്ചാവാണ് പിടിച്ചെടുത്തത്. നഗരത്തിൻ്റെ വിവിധ ഭാഗങ്ങളിലേക്ക് മയക്കുമരുന്ന് കടത്താൻ സഹായകമായിരുന്ന ഡാർക്ക് വെബ് ശൃംഖലയെ കേന്ദ്രീകരിച്ച് നടത്തിയ സമഗ്രമായ അന്വേഷണത്തിനൊടുവിലാണ് മയക്കുമരുന്ന് പിടികൂടിയതെന്ന് പൊലീസ് അറിയിച്ചു.

ഓപ്പറേഷന്‍ കവചിന്റെ ഭാഗമായാണ് ലഹരി വസ്തുക്കളടക്കം പിടിച്ചെടുത്തത്. വരാനിരിക്കുന്ന ദില്ലി നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നിയമവിരുദ്ധമായ വസ്തുക്കളും ആയുധങ്ങളും മദ്യവും തടയുന്നതിൻ്റെ ഭാഗമായാണ് ഓപ്പറേഷന്‍ കവച് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. കുറ്റകൃത്യങ്ങളെ ചെറുക്കുന്നതിനും തലസ്ഥാനത്ത് അനധികൃത വസ്തുക്കളുടെ വിതരണം തടയാനുമുള്ള ഒരു വലിയ സംരംഭത്തിൻ്റെ ഭാഗമാണ് ഇതെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button