പൊന്നമ്മച്ചേച്ചിക്ക് അടക്കാനാവാത്ത സന്തോഷം, മുന്നിൽ അതാ സാക്ഷാൽ മോഹൻലാൽ; പൂച്ചെണ്ട് വാങ്ങി ചേര്‍ത്ത് നിർത്തി
ചെങ്ങന്നൂര്‍: ചെങ്ങന്നൂർ സരസ് മേളയുടെ മുഖ്യ സംഘാടകനായ മന്ത്രി സജി ചെറിയാൻ നടൻ മോഹൻലാലിനെ പൂച്ചെണ്ട് നൽകി സ്വീകരിക്കാൻ ക്ഷണിച്ചത് ചെങ്ങന്നൂർ നഗരസഭയിലെ മുതിർന്ന ഹരിതകർമ സേനാംഗം പൊന്നമ്മച്ചേച്ചിയെ. പൂച്ചെണ്ട് സ്വീകരിച്ച് ലാൽ പൊന്നമ്മ ചേച്ചിയെ ചേർത്തുനിർത്തിയതോടെ കരഘോഷങ്ങൾ ഉയർന്നു. പൊന്നമ്മച്ചേച്ചിയെ ചേര്‍ത്ത് പിടിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്.
സംസ്ഥാന സർക്കാരിന്‍റെ മാലിന്യ മുക്ത കേരളം പദ്ധതിയെക്കുറിച്ച് മോഹൻലാൽ തന്‍റെ പ്രസംഗത്തിൽ പരാമർശിക്കുകയും ചെയ്തു. കേരളം നേരിടുന്ന വലിയ പ്രതിസന്ധിയാണ് മാലിന്യങ്ങളെന്നും വേദിയിൽ ചൊല്ലിയ ശുചിത്വ പ്രതിജ്ഞ എല്ലാവരും പ്രവർത്തിപഥത്തിൽ എത്തിക്കണമെന്നും ലാൽ പറഞ്ഞു. ഗൃഹനാഥകളെ ശാക്തീകരിക്കുന്നതിലൂടെ കുടുംബം സാമ്പത്തികമായും സാമൂഹികമായും കൂടുതൽ ഉയർന്ന നിലവാരത്തിലേക്ക് മാറുമെന്ന് തെളിയിക്കുകയാണ് കുടുംബശ്രീ.
മഹാനഗരങ്ങളിൽ നടക്കുന്ന മേള ചെങ്ങന്നൂർ പോലെയുള്ള സ്ഥലത്തേക്ക് എത്തിക്കാൻ കഴിഞ്ഞത് നേട്ടമാണെന്ന് മോഹൻലാൽ പറഞ്ഞു. മോഹന്‍ലാല്‍ ചടങ്ങില്‍ വിശിഷ്ടാതിഥിയായി. ചെങ്ങന്നൂർ പെരുമയുടെ ഭാഗമായി പ്രഥമ ശ്രേഷ്ഠ ചെങ്ങന്നൂർ പുരസ്കാരം നടൻ മോഹൻലാലിന് ഫിഷറീസ് -സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ സമ്മാനിച്ചു. ചടങ്ങിൽ കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് മോഹൻലാലിനെ പൊന്നാട അണിയിച്ച് ആദരിച്ചു.