ക്രൂരതയ്ക്ക് കടുത്ത ശിക്ഷ! ക്രിക്കറ്റ് കോച്ച് മനുവിന് 47 വർഷം കഠിന തടവ്; രണ്ട് കേസുകളിൽ ശിക്ഷ ബാക്കി.

തിരുവനന്തപുരം: ക്രിക്കറ്റ് കോച്ചിങ്ങിനായി വന്ന വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ ക്രിക്കറ്റ് കോച്ച് ആയ പ്രതി വള്ളക്കടവ് ശ്രീവരാഹം സ്വദേശി മനു എം (40) നെ മൂന്നാമത്തെ കേസിലും ശിക്ഷിച്ചതോടെ ഇനി 47 വർഷം ജയിലിൽ കഴിയേണ്ടിവരും. ഒപ്പം എഴുപത്തിഒമ്പതിനായിരം രൂപ പിഴയും ചുമത്തി തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ജഡ്ജി അഞ്ജു മീര ബിർള ശിക്ഷിച്ചു. നാലാമത്തെ കേസിലും പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടത്തി. ആദ്യ രണ്ടു കേസിലെയും ശിക്ഷാ കാലാവധിക്ക് ശേഷമേ ഈ കേസിലെ ശിക്ഷ ആരംഭിക്കുകയുള്ളൂ എന്നതിനാൽ പ്രതി തുടർച്ചയായി ജയിലിൽ കഴിയേണ്ടിവരും.
2018ൽ അഞ്ചാം ക്ലാസിൽ പഠിക്കുമ്പോഴാണ് കുട്ടി തിരുവനന്തപുരത്തെ പ്രമുഖ ക്രിക്കറ്റ് കോച്ചിങ് സെന്ററിൽ പരിശീലനത്തിനായി എത്തുന്നത്. ആദ്യ കുറച്ച് നാളുകൾക്ക് ശേഷം കുട്ടിയെ പരിശീലനത്തിന് എന്ന് പറഞ്ഞ് അവിടുത്തെ നെറ്റ്സിലും ജിമ്മിലേക്കും വിവിധ ശുചിമുറികളിലേക്കും മറ്റും കൊണ്ടുപോയാണ് ലൈംഗികമായി പീഡിപ്പിച്ചത്. ഇത് കൂടാതെ കുട്ടിയുടെ നഗ്നചിത്രവും പ്രതി പകർത്തി. കുട്ടിയുടെ വീട്ടിലുള്ള നെറ്റ്സിൽ വെച്ചും പീഡനം നടന്നു. സ്വകാര്യ കോച്ചിങ് എന്ന് പറഞ്ഞാണ് കുട്ടിയെ ഗ്രൗണ്ടിൽനിന്ന് കെട്ടിടത്തിന്റെ വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി ആരും ഇല്ലാത്ത സമയം നോക്കി പ്രതി പീഡനം നടത്തിയിരുന്നത്.
2021ൽ കുട്ടി കോച്ചിങ്ങിനായി മറ്റൊരു സ്ഥലത്തേക്ക് പോയി. പീഡനം പുറത്ത് പറഞ്ഞാൽ ക്രിക്കറ്റ് ഭാവി തകർക്കുമെന്ന് ഭീക്ഷണിപ്പെടുത്തിയതിനാൽ കുട്ടി ഭയന്ന് വെളിയിൽ പറഞ്ഞില്ല. പീഡനത്തിൽ മനംനൊന്ത് കുട്ടി മറ്റൊരു സ്ഥലത്തേയ്ക്ക് കോച്ചിങ്ങിന് പോയി. 2024 മാർച്ച് 28ന് തിരുവനന്തപുരത്ത് നടന്ന പെൺകുട്ടികളുടെ ക്രിക്കറ്റ് ടൂർണമെന്റിൽ പങ്കടുക്കാൻ എത്തിയ അതിജീവിത വർഷങ്ങൾക്ക് ശേഷം പ്രതിയെ കണ്ടതിനെ തുടർന്ന് മാനസികാസ്വാസ്ഥ്യം ഉണ്ടാവുകയും ഭയന്ന് ബഹളം വെക്കുകയും ചെയ്തു. ഇത് കണ്ട കൂടെയുള്ളവർ അന്വേഷിച്ചപ്പോഴാണ് പീഡന വിവരം പുറത്തറിഞ്ഞത്.




