കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് സമീപം എം ഡി എം എ പിടികൂടി; ഒരാൾ കൂടി അറസ്റ്റിൽ, മലപ്പുറം സ്വദേശി മുഹമ്മദ് ജാസിർ പിടിയിൽ

കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് സമീപം വീട്ടിൽ നിന്നും MDMA പിടികൂടിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. മലപ്പുറം ചേലേമ്പ്ര സ്വദേശി മുഹമ്മദ് ജാസിർ ആണ് പിടിയിലായത്. ബാംഗ്ലൂരിൽ നിന്നാണ് പിടികൂടിയത്. ഫെബ്രുവരി 10 നാണ് കേസിന് ആസ്പദമായ സംഭവം. ചേലമ്പ്ര സ്വദേശി അസീസിൻ്റെ വീട്ടിൽ നിന്ന് 1031.13 ഗ്രാം MDMA- യാണ് പിടികൂടിയത്. അന്ന് മുഹമ്മദ് ജാസിറിൻ്റെ മാതാപിതാക്കളായ അസീസ്, ഖമറുന്നീസ, സുഹൃത്ത് സലാഹുദ്ധീൻ എന്നിവരെ പിടികൂടിയിരുന്നു.തുടർന്ന് ഒളിവിൽ പോയ മുഹമ്മദ് ജാസിറിനെയാണ് നാല് മാസത്തിനു ശേഷം പൊലീസ് പിടികൂടിയത്.പിടിച്ചെടുത്ത എംഡിഎംഎയ്ക്ക് ഒരുകോടി രൂപ വിലവരുമെന്നു പൊലീസ് അറിയിച്ചു. 21 ലക്ഷം രൂപയും അഞ്ച് ഇലക്ട്രിക് ത്രാസുകളും വോക്കി ടോക്കി, ഗ്യാസ് ബർണർ എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്.
ജാസിറും കുടുംബവും സർവകലാശാലാ പരിസരം കേന്ദ്രീകരിച്ചു രാസ ലഹരിവസ്തു വിൽപന നടത്തുന്നതായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. അസീസിനെ തവനൂർ ജയിലിലും കമറുന്നീസയെ മഞ്ചേരി ജില്ലാ ജയിലിലുമാണ് റിമാൻഡ് ചെയ്തത്. 50 ദിവസത്തിനിടെ തേഞ്ഞിപ്പലം പൊലീസ് പിടികൂടുന്ന രണ്ടാമത്തെ വൻ എംഡിഎംഎ ശേഖരമാണിത്.




