പാലക്കാട് യഥാര്‍ത്ഥത്തില്‍ ജയിച്ചത് ഷാഫി; പാര്‍ട്ടിയില്‍ ഏറ്റവും കരുത്തനായ നേതാക്കളില്‍ ഒരാളായി ഷാഫി പറമ്പില്‍ മാറുമ്പോള്‍…
പാലക്കാട് നിയമസഭ സീറ്റില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ ജയിച്ച് കയറിയതോടെ കോണ്‍ഗ്രസില്‍ കൂടുതല്‍ ശക്തനാവുകയാണ് ഷാഫി പറമ്പില്‍. കോണ്‍ഗ്രസിന്റെ പുതു തലമുറ നേതാക്കളില്‍ ഏറ്റവും കരുത്തനായി പാലക്കാട് വിജയത്തോടെ ഷാഫി മാറി.
പാലക്കാട്ടെ പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളുടെയും പാലക്കാട് എംപിയായ വി കെ ശ്രീകണ്ഠന്റെയും എതിര്‍പ്പുകളെയും മറികടന്നാണ് പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍ സ്ഥാനാര്‍ത്ഥിയായി എത്തുന്നത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ കെ മുരളീധരനെ പാലക്കാട് സ്ഥാനാര്‍ത്ഥിയാക്കണമെന്നായിരുന്നു പാലക്കാട് ഡിസിസി ഹൈക്കമാന്റിനോട് ആവശ്യപ്പെട്ടത്. എന്നാല്‍ തന്റെ പിന്‍ഗാമിയായി പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തിലിനെ മത്സരിപ്പിക്കണമെന്ന ഷാഫിയുടെ നിര്‍ദ്ദേശം കോണ്‍ഗ്രസ് നേതൃത്വത്തിന് നടപ്പാക്കേണ്ടി വന്നു. എതിര്‍പ്പുകളെയെല്ലാം കാറ്റില്‍ പറത്തിയാണ് കനത്ത മത്സരം കാഴ്ചവെച്ച് 18,669 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ വിജയിക്കുന്നത്. അത്ര എളുപ്പമായിരുന്നില്ല ഷാഫിക്കും രാഹുലിനും പാലക്കാട് എന്ന കടമ്പ. പാര്‍ട്ടിക്ക് അകത്ത് നിന്ന് തന്നെയുണ്ടായ വെല്ലുവിളിക്കൊപ്പം ഉപതിരഞ്ഞെടുപ്പില്‍ ഉടനീളം ഉണ്ടായ വിവാദങ്ങളും പാര്‍ട്ടിക്ക് നേരിടേണ്ടി വന്നിരുന്നു.