എസ്ഒസി ഡിസൈന്‍ രംഗത്ത് മലയാളി സ്റ്റാർട്ടപ്പ്; സെമികണ്ടക്ടർ നിര്‍മാണത്തില്‍ തരംഗമാകാന്‍ ‘നേത്രസെമി’
തിരുവനന്തപുരം: സെമികണ്ടക്ടർ നിർമാണ രംഗത്ത് ഇന്ത്യ വലിയ സ്വപ്നങ്ങൾ കാണുമ്പോൾ ആ സ്വപ്നത്തിലേക്ക് രാജ്യത്തിനൊപ്പം സഞ്ചരിക്കുകയാണ് കേരളത്തിൽ നിന്നൊരു സ്റ്റാർട്ടപ്പ്. സിസ്റ്റം ഓൺ എ ചിപ്പ് (എസ്ഒസി) ഡിസൈനിൽ പുതിയ ചുവടുവയ്പ്പുകൾ നടത്തുന്നത് തിരുവനന്തപുരം ആസ്ഥാനമായ ‘നേത്രസെമി’ എന്ന സ്റ്റാർട്ടപ്പാണ്. വരും വർഷങ്ങളിൽ സെമികണ്ടക്ടർ ഡിസൈനില്‍ രാജ്യത്തെ മുൻനിരയിലെത്തിക്കുകയാണ് ഈ സ്റ്റാർട്ടപ്പിന്‍റെ ലക്ഷ്യം.
കഴുത്തറക്കുന്ന തരം മത്സരമുള്ള എസ്ഒസി ഡിസൈൻ രംഗത്ത് ചുവടുറപ്പിക്കാൻ ശ്രമിക്കുന്ന കേരള സ്റ്റാർട്ടപ്പാണ് നേത്രസെമി. എഐയുടെയും ഐഒടി ഡിവൈസുകളുടെയും കാലത്ത് ഈ രണ്ട് മേഖലകളുടെയും കൂടിച്ചേരൽ നടക്കുന്നയിടത്താണ് നേത്രസെമി കണ്ണുവയ്ക്കുന്നത്. നിരീക്ഷണ ക്യാമറകളിലും, ഡ്രോണുകളിലും സെക്യൂരിറ്റി സിസ്റ്റങ്ങളിലുമെല്ലാം ഉപയോഗിക്കാൻ കഴിയുന്ന ചിപ്പുകളാണ് ഇവരുടെ ഉത്പന്നം. ക്ലൗഡിനെ ആശ്രയിക്കാതെ ഡിവൈസിൽ തന്നെ എഐ പ്രവർത്തിപ്പിക്കുന്ന എഡ്ജ് എഐ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തുന്നതാണ് ഇവരുടെ ചിപ്പുകൾ. വിവരങ്ങൾ ഇന്‍റർനെറ്റ് വഴി സെർവറുകളിലേക്ക് അയച്ച് അവിടെ എഐ അതിനെ വിശകലനം ചെയ്ത് തിരിച്ചയക്കുന്ന രീതിക്ക് സമയനഷ്ടമടക്കം പല പരിമിതകളുമുണ്ട്. ചെറു എഐ മോഡലിനെ സിസ്റ്റത്തിനകത്ത് തന്നെ പ്രവർത്തിപ്പിക്കുമ്പോൾ അതിവേഗം തീരുമാനമെടുക്കാൻ ഡിവൈസുകൾക്ക് സാധിക്കും. അതാണ് എഡ്‌ജ് എഐ സാങ്കേതികവിദ്യ. ചിപ്പുകളുടെ ഡിസൈൻ പൂർണമായും നേത്രസെമിയുടേത് തന്നെയാണ്. മറ്റ് കമ്പനികളുടെ സാങ്കേതികവിദ്യ വാങ്ങി അതിനെ പരിഷ്കരിക്കുകയല്ല ഇവരുടെ രീതി.
2020-ൽ സ്ഥാപിതമായ കമ്പനി മൂന്ന് ചിപ്പുകൾ ഡിസൈൻ ചെയ്ത് കഴിഞ്ഞു. നേത്ര എ 2000, നേത്ര ആർ 1000, നേത്ര എ4000 എന്നിങ്ങനെയാണ് ചിപ്പുകളുടെ പേര്. ഇതിൽ എ2000 ചിപ്പുകൾ ഡിസൈൻ ഘട്ടം പൂർത്തിയാക്കി നിർണായകമായ ടേപ്പ് ഔട്ട് ഘട്ടത്തിലേക്ക് നീങ്ങുകയാണ്. ഡിസൈൻ പൂർത്തിയാക്കിയ ചിപ്പുകളെ ആദ്യമായി നിർമ്മിക്കുന്ന ഘട്ടമാണിത്. ഇതിന് ശേഷം ആവശ്യമായ തിരുത്തലുകൾ വരുത്തിയാകും വ്യാവസായിക അടിസ്ഥാനത്തിലുള്ള നിർമാണത്തിലേക്ക് കടക്കുന്നത്. സ്മാർട്ട്‌വിഷൻ സാങ്കേതികവിദ്യയാണ് എ 2000 ചിപ്പുകളുടെ പ്രത്യേകത. തത്സമയ വീഡിയോ അനാലിസിസ് ഈ ചിപ്പുകൾ സാധ്യമാക്കും. കടുത്ത മത്സരമുള്ള മേഖലയാണിത്. ചൈനയിൽ നിന്നടക്കം ഒരുപാട് ഉത്പന്നങ്ങൾ വിപണിയിലേക്കെത്തുന്നു.
രാജ്യത്ത് സെമി കണ്ടക്‌ടർ ഡിസൈൻ ശക്തിപ്പെടുത്താൻ കേന്ദ്ര ഇലക്ട്രോണിക്സ് ആന്‍ഡ് ഐടി മന്ത്രാലയം അവതരിപ്പിച്ച ഡിസൈൻ ലിങ്ക്ഡ് ഇൻസെന്‍റീവ് സ്കീമിനായി തെരഞ്ഞെടുക്കപ്പെട്ട കമ്പനിയാണ് നേത്രസെമി. തായ്‌വാന്‍ ടെക്നോളജി അരീനയുടെ ആക്സിലറേറ്റർ പ്രോഗ്രാമിലേക്കും ഇവർ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. തിരുവനന്തപുരത്തെ ട്രെസ്റ്റ് റിസർച്ച് പാർക്കിലാണ് ഇപ്പോൾ കമ്പനിയുടെ പ്രവർത്തനം.