മുഖ്യമന്ത്രി അവതരിപ്പിച്ച ബജറ്റിന് മേലുള്ള പൊതുചർച്ചയ്ക്ക് ഇന്ന് നിയമസഭയിൽ തുടക്കം

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി സതീശൻ അവതരിപ്പിച്ച ബജറ്റിന് മേലുള്ള പൊതുചർച്ച ഇന്ന് നിയമസഭയിൽ ആരംഭിക്കും.
സർക്കാരിന്റെ സ്വകാര്യ നിക്ഷേപ നയം, വീര്യം കുറഞ്ഞ മദ്യത്തിനുള്ള നികുതിയിളവ് അടക്കമുള്ള വിഷയങ്ങൾ പ്രതിപക്ഷം നിയമസഭയിൽ ഉന്നയിക്കും. ഇന്ദിരാ ഗ്യാരന്റി, അതിവേഗ റെയിൽ കോറിഡോർ, തുടങ്ങിയവ ചോദ്യോത്തര വേളയിലും ഉന്നയിക്കപ്പെടുന്നുണ്ട്.
ആരോഗ്യവകുപ്പിനെതിരായ വിവാദങ്ങൾ,പിഎം ശ്രീ, മദ്യത്തിന്റെ നികുതി വിവാദം തുടങ്ങിയവയിലൊന്ന് അടിയന്തര പ്രമേയമായി ഉന്നയിക്കാനാണ് പ്രതിപക്ഷത്തിന്റെ ആലോചന.ബജറ്റിനെതിരെ അതിരൂക്ഷമായ വിമർശനവുമായി പ്രതിപക്ഷം നേരത്തെ രംഗത്തെത്തിയിരുന്നു. വീര്യം കുറഞ്ഞ മദ്യനിർമാണത്തിൻ്റെ മറവിൽ സംസ്ഥാനത്ത് വൻ അഴിമതിയോട് കൂടി മദ്യമൊഴുക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് മുൻ എക്സൈസ് മന്ത്രി എം.ബി രാജേഷ് കുറ്റപ്പെടുത്തിയിരുന്നു. ധനമന്ത്രി വി.ഡി സതീശൻ്റെ ബജറ്റ് കേരളത്തിലെ ക്ഷേമപദ്ധതികളുടെ കഴുത്തുഞ്ഞെരിക്കുന്നതും കോർപറേറ്റുകൾക്കും കാവിവൽക്കരണത്തിനും പാദസേവ ചെയ്യുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും പ്രതികരിക്കുകയുണ്ടായി.ആദ്യ ബജറ്റിൽ ക്ഷേമപെൻഷൻ വർധന പ്രഖ്യാപിക്കുമെന്ന് പറഞ്ഞിരുന്ന വി.ഡി സതീശൻ ബജറ്റിൽ അതേക്കുറിച്ച് ഒരക്ഷരം മിണ്ടിയില്ലെന്ന് എം.വി ഗോവിന്ദൻ ചൂണ്ടിക്കാട്ടി. പാവപ്പെട്ടവന്റെ ആശ്രയമായ ലൈഫ് ഭവനപദ്ധതിയെക്കുറിച്ചും കുടുംബശ്രീയെക്കുറിച്ചും ബജറ്റിൽ യാതൊരു പരാമർശവുമില്ല. വയോജന ക്ഷേമത്തിനായി പേരിനൊരു വകുപ്പ് ഉണ്ടാക്കിയെങ്കിലും അതിലേക്ക് ഒരു രൂപ പോലും വകയിരുത്തിയിട്ടില്ലെന്നാണ് പ്രതിപക്ഷ വിമർശനം. ഇതോടൊപ്പം, വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറച്ചതും പ്രതിപക്ഷം സർക്കാരിനെതിരെ ആയുധമാക്കിയേക്കും.




