Uncategorized

കൂത്താട്ടുകുളം തട്ടിക്കൊണ്ടുപോകൽ കേസ്; സിപിഎം നേതാക്കളെ തൊടാതെ പൊലീസ്, വിഷയം സഭയിൽ ഉന്നയിക്കാൻ പ്രതിപക്ഷം

തിരുവനന്തപുരം: കൂത്താട്ടുകുളത്ത് സിപിഎം വനിതാ കൗണ്‍സിലറെ തട്ടിക്കൊണ്ടു പോയ കേസില്‍ പ്രതികളായ സിപിഎം നേതാക്കളെ തൊടാതെ പൊലീസ്. ബ്രാഞ്ച് സെക്രട്ടറിയും സാധാരണ പ്രവര്‍ത്തകരുമടക്കം നാലു പേരെ കഴിഞ്ഞ ദിവസം രാത്രി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ കേസിലെ പ്രധാന പ്രതികളായ സിപിഎം ഏരിയാ സെക്രട്ടറി ഉള്‍പ്പെടെയുളളവര്‍ക്കെതിരെ പൊലീസ ചെറുവിരലനക്കിയിട്ടില്ല.

കേസിന്‍റെ അന്വേഷണം തുടരുകയാണെന്നാണ് പൊലീസ് ഭാഷ്യം. അതേസമയം പ്രതികളായ പ്രധാന നേതാക്കളെ രക്ഷിക്കാനാണ് പൊലീസ് ശ്രമമെന്ന ആരോപണം യുഡിഎഫും ശക്തമാക്കുകയാണ്. പ്രതി ചേര്‍ക്കപ്പെട്ട സിപിഎം ഏരിയാ സെക്രട്ടറി ഉള്‍പ്പെടെയുളളവര്‍ ഇന്ന് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയേക്കും. സിപിഎമ്മിന്‍റെ രാഷ്ട്രീയ വിശദീകരണ യോഗവും ഇന്ന് കൂത്താട്ടുകുളത്ത് നടക്കും.

അതേസമയം,കൂത്താട്ടുകുളത്ത് സിപിഎം കൗൺസിലറെ തട്ടിക്കൊണ്ടുപോയ സംഭവം അടിയന്തരപ്രമേയമായി നിയമസഭയിൽ ഇന്ന് ഉന്നയിക്കാനാണ് പ്രതിപക്ഷത്തിന്‍റെ നീക്കം. ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള നന്ദിപ്രമേയ ചർച്ച നിയമസഭയിൽ ഇന്ന് തുടങ്ങും. മൂന്ന് ദിവസമാണ് ചർച്ച. യുജിസി പുറപ്പെടുവിച്ച കരട് മാനദണ്ഡങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി ഇന്ന് സഭയിൽ പ്രമേയം അവതരിപ്പിക്കും. പ്രതിപക്ഷത്തിന്‍റെ പിന്തുണയോടെ ഒറ്റക്കെട്ടായി പ്രമേയം പാസാക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button