മൊബൈല്‍ ഫോണിനെ ചൊല്ലി തർക്കം; മകൻ പിടിച്ചു തള്ളി; തലയിടിച്ച് പരിക്കേറ്റ അച്ഛൻ ചികിത്സയിലിരിക്കെ മരിച്ചു
തിരുവനന്തപുരം: കിളിമാനൂരിൽ വാക്കേറ്റത്തിനിടെ മകൻ തള്ളിയിട്ടതിനെത്തുടർന്ന് പരിക്കേറ്റ് ചികിത്സയിലായിരുന്ന അച്ഛൻ മരിച്ചു. ഗുരുതരമായി പരിക്കേറ്റ് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന പെരുന്തമൻ സ്വദേശി ഹരികുമാറാണ് മരിച്ചത്. സംഭവത്തിൽ മകൻ ആദിത്യ കൃഷ്ണനെ കിളിമാനൂർ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. കഴിഞ്ഞ 15 ന് വൈകിട്ടാണ് വീട്ടിൽ വെച്ച് അച്ഛനും മകനും തമ്മിൽ വാക്കേറ്റമുണ്ടായത്.
മൊബൈൽ ഫോൺ വാങ്ങി നൽകാത്തതിനെ ചൊല്ലിയായിരുന്നു വാക്കേറ്റം. പിന്നാലെ ആദിത്യൻ അച്ഛനെ പിടിച്ച് തള്ളി. കല്ലിലേക്ക് വീണ ഹരികുമാറിന്‍റെ തലയ്ക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. തുടർന്ന് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് ഹരികുമാർ മരിച്ചത്. മരുമകന്‍റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസ് എടുത്തത്. പോസ്റ്റുമോർട്ടം റിപ്പോർട്ട് വന്നാലേ മരണകാരണം വ്യക്തമാകുകയുള്ളൂവെന്ന് പൊലീസ് അറിയിച്ചു. 3 ആഴ്ച മുമ്പും അച്ഛനെ മകൻ മർദ്ദിച്ചിരുന്നു.