ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ്; ബിജെപിക്കായി പ്രധാനമന്ത്രി പ്രചരണത്തിന് ഇറങ്ങും
ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ് ബിജെപിക്കായി പ്രധാനമന്ത്രി നരേന്ദ്രമോദി പ്രചരണത്തിന് ഇറങ്ങും. ഈ മാസം 27ന് ശേഷം വിവിധ റാലികളിൽ പങ്കെടുക്കും. നിയമസഭാ തെരഞ്ഞെടുപ്പിന് നാളുകൾ മാത്രം ബാക്കിനിൽക്കെ പ്രമുഖ നേതാക്കളെ അടക്കം കളത്തിലിറക്കി വോട്ട് പിടിക്കാനാണ് ബിജെപിയുടെ നീക്കം. ഈ മാസം 22ന് ബൂത്ത് പ്രസിഡന്റുമാരുമായി പ്രധാനമന്ത്രി സംവദിക്കും. 27ന് ശേഷം വിവിധ ഇടങ്ങളിലായി നടക്കുന്ന റാലികളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും.
ഇതിനിടെ പ്രദർശനം വിലക്കിയ ആം ആദ്മി പാർട്ടിയുടെ അൺബ്രേക്കബിൾ ഡോക്യുമെൻററി വിദേശത്തുള്ള യൂട്യൂബർ ദ്രുവ് റാഠി പുറത്തുവിട്ടു. ആം ആദ്മി നേതാക്കൾ ഡോക്യുമെൻററി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. അരവിന്ദ് കെജ്രിവാൾ ഉൾപ്പെടെയുള്ള നേതാക്കൾ ജയിലിൽ പോയതുമായി ബന്ധപ്പെട്ടാണ് ഡോക്യുമെൻററി. സത്യം ജനങ്ങൾ മനസ്സിലാക്കണമെന്ന് അരവിന്ദ് കെജ്രിവാൾ പറഞ്ഞു.
തെരഞ്ഞെടുപ്പ് അടുത്തതോടെ അരവിന്ദ് കെജ്രിവാൾ സഹതാപം കളിക്കുകയാണെന്ന് ബിജെപി ആരോപിച്ചു. കേന്ദ്രസർക്കാരിന്റെ ജനക്ഷേമ പദ്ധതികൾ നടപ്പിലാക്കുന്നത് അരവിന്ദ് കെജ്രിവാൾ തടയുന്നുവെന്നും ബിജെപി ആവർത്തിച്ചു.
തെരഞ്ഞെടുപ്പിൽ പങ്കെടുക്കുന്ന താര പ്രചാരകരുടെ പട്ടിക കോൺഗ്രസും ആം ആദ്മിയും പുറത്തിറക്കി. സുനിത കെജ്രിവാൾ അടക്കം 40 പേർ ഉൾപ്പെടുന്നതാണ് ആം ആദ്മിയുടെ പട്ടിക. മല്ലികാർജുൻ ഖർഗയും രാഹുൽ ഗാന്ധിയും, പ്രിയങ്ക ഗാന്ധിയും കോൺഗ്രസിന്റെ പട്ടികയിൽ ഉണ്ട്.