ഇരിട്ടി എംഡി എം എ വേട്ട കൂട്ടാളിയെയും എക്സൈസ് പിടികൂടി

ഉളിക്കൽ മണിപാറ സ്വദേശി ചിരട്ടയാടൻ വീട്ടിൽ സി എച്ച് അൻസീറാണ് ബംഗ്ലൂരിൽ നിന്ന് എംഡിഎംഎ കടത്തുന്നതിന് പ്രതികളുമായി ഗൂഢാലോചന നടത്തിയതിനും എംഡിഎംഎ കടത്താൻ പ്രേരിപ്പിച്ചതിനും മറ്റു സഹായങ്ങൾ ചെയ്തതിനും അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ ഏപ്രിൽ 26ന് 5 ഗ്രാമിലധികം എംഡിഎംഎയുമായി ഇരട്ടികൾ വെച്ച് നുച്ചിയാട് സ്വദേശികളായ മുഹമ്മദ് സാദിക് മിദിലാജ് എം എന്നിവരെ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ടി ഷറഫുദ്ദീൻ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരുന്നു. തുടർന്ന് നടന്ന അന്വേഷണത്തിന്റെ ഭാഗമായി ജയിലിലുള്ള പ്രതികളുടെ മൊഴികൾ പ്രകാരം മൊബൈൽ വിവരങ്ങൾ പരിശോധിച്ചും ബാങ്ക് പണമിടപാടുകൾ പരിശോധിച്ചും ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചുമാണ് അൻസീറിനെ അറസ്റ്റ് ചെയ്തത്. ഉളിക്കൽ നുച്ചിയാട് മേഖലയിലെ പ്രധാന ലഹരി വിൽപനക്കാരനാണ് അൻസീർ എന്ന് എക്സൈസ് അധികൃതർ പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഇനിയും അറസ്റ്റ് ഉണ്ടാകുമെന്നും ചിലർ നിരീക്ഷണത്തിലാണെന്നും അധികൃതർ അറിയിച്ചു. അന്വേഷണ സംഘത്തിൽ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ടി ഷറഫുദ്ദീൻ എക്സൈസ് ഉദ്യോഗസ്ഥരായ ബഷീർ പിലാട്ട്, കെ കെ ഷാജി, വി എൻ സതീഷ്, ബെൻഹർ കോട്ടത്തുവളപ്പിൽ, കെ രമേഷ്,ടി അഭിജിത്ത്,കെ പി ജുനീഷ് എന്നിവരും ഉണ്ടായിരുന്നു.




