യുവ ഡോക്ടറുടെ ബലാത്സംഗ കൊലപാതകം; 17 ലക്ഷം രൂപ സർക്കാർ നഷ്ടപരിഹാരം നൽകണമെന്ന് കോടതി, നിരസിച്ച് കുടുംബം
കൊൽക്കത്ത: കൊല്‍ക്കത്തയിലെ ആര്‍ ജി കര്‍ ആശുപത്രിയില്‍ ബലാത്സംഗത്തിനിരയായി യുവ ഡോക്ടര്‍ മരിച്ച സംഭവത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പെണ്‍കുട്ടിയുടെ കുടുംബത്തിന് നഷ്ടപരിഹാരമായി 17 ലക്ഷം രൂപ നല്‍കണമെന്ന് കോടതി. പെണ്‍കുട്ടികളെ സംരക്ഷിക്കേണ്ട ഉത്തരാവാദിത്വം സ്റ്റേറ്റിന്റേതെന്നും കോടതി. എന്നാല്‍ നഷ്ടപരിഹാരത്തുക വേണ്ടെന്നും നീതിയാണ് വേണ്ടതെന്നും ഇരയുടെ കുടുംബം പ്രതികരിച്ചു. പ്രതിയായ സഞ്ജയ് റോയിയ്ക്ക് ജീവപര്യന്തവും 50,000 രൂപയുമാണ് ശിക്ഷയായി വിധിച്ചിരിക്കുന്നത്. അപൂര്‍വങ്ങളില്‍ അപൂര്‍വ്വമായ കേസല്ല ഇതെന്നും കോടതി നിരീക്ഷിച്ചു. പ്രതിയ്ക്ക് മാനസാന്തരത്തിനുള്ള അവസരം നിഷേധിക്കരുതെന്നും പ്രതിഭാഗം വാദിച്ചിരുന്നു. വധശിക്ഷ വേണമെന്ന് യുവ ഡോക്ടറുടെ കുടുംബം നേരത്തെ ആവശ്യപ്പെട്ടിരുന്നു. കൊല്ലപ്പെട്ട ഡോക്ടറുടെ മാതാപിതാക്കൾ വിധി കേൾക്കാൻ കോടതിയിൽ എത്തിയിരുന്നു. ഒരുമണിയോടെയാണ് പ്രതിയെ കോടതിയിലെത്തിച്ചത്. കുറ്റക്കാരനാണെന്ന് തെളിഞ്ഞു എന്ന് ജഡ്ജിയുടെ പരാമർശത്തിൽ വീണ്ടും കുറ്റം നിഷേധിച്ചായിരുന്നു പ്രതി പ്രതികരിച്ചത്. തന്നെ കേസിൽ പെടുത്തിയതാണെന്ന് ആവർത്തിച്ച പ്രതി തന്നെ ഉപദ്രവിച്ചു എന്നും കോടതിയോട് പറഞ്ഞു. തന്നെ പൊലീസ് ക്രൂര പീഡനത്തിന് ഇരയാക്കിയെന്നും പ്രതി കോടതിയെ അറിയിച്ചു.
വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ശിക്ഷ വിധിക്കുക എന്ന് കോടതി ചൂണ്ടിക്കാട്ടി. അപൂർവങ്ങൾ അപൂർവം ആയ കേസ് എന്ന് സിബിഐ അഭിഭാഷകൻ പറഞ്ഞു. സമൂഹത്തിന് മുതൽക്കൂട്ട് ആവേണ്ട ഡോക്ടറെയാണ് പ്രതി കൊലപ്പെടുത്തിയത്. രാജ്യത്ത് തന്നെ ഞെട്ടിച്ച കേസുകളിൽ ഒന്നാണിത്. പരമാവധി ശിക്ഷ പ്രതിക്ക് നൽകണമെന്നും വധശിക്ഷ നൽകിയാൽ മാത്രമേ സമൂഹത്തിന് ഇക്കാര്യത്തിൽ വിശ്വാസ്യത ഉണ്ടാകൂ എന്ന് സിബിഐ ചൂണ്ടിക്കാട്ടി.
അതേ സമയം, വധശിക്ഷ നൽകരുതെന്നാണ് പ്രതിഭാഗം വാദിച്ചത്. പ്രതിക്ക് മാനസാന്തരത്തിന് സമയം നൽകണം. അപൂർവങ്ങളിൽ അപൂർവമായ കേസല്ലെന്നും പ്രതിഭാഗം വാദിച്ചു. തനിക്ക് മാറാനാകില്ല എന്നതിന് തെളിവില്ല. വധശിക്ഷയല്ലാതെ മറ്റ് ശിക്ഷകൾ പരിഗണിക്കണമെന്നും പ്രതി പറഞ്ഞു. വധശിക്ഷ നൽകണമെന്ന് ഡോക്ടറുടെ കുടുംബത്തിൻ്റെ അഭിഭാഷകൻ ആവശ്യപ്പെട്ടു. വധശിക്ഷ തന്നെ വേണം എന്ന് നേഴ്സുമാരുടെ സംഘടന ആവശ്യപ്പെട്ടു.ആരോഗ്യ പ്രവർത്തകരുടെ ശോചനീയമായ അവസ്ഥ വീണ്ടും ഓർമ്മപ്പെടുത്തേണ്ട സാഹചര്യം എന്നും ആൾ ഇന്ത്യ നഴ്‌സസ് അസോയേഷൻ പ്രതികരിച്ചു.