Uncategorized

സ്ഥിരം ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് മോഷണം, ശ്രീദുർഗ്ഗാ ദേവീക്ഷേത്രത്തിലെ കവർച്ച പട്ടാപ്പകൽ, കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ

കൊല്ലം: പട്ടാപ്പകൽ ക്ഷേത്രങ്ങളിൽ കയറി കവർച്ച നടത്തുന്ന കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ. നെടുമ്പന സ്വദേശി തടത്തിൽ പുത്തൻവീട്ടിൽ രതീഷ് (30) ആണ് കണ്ണനല്ലൂർ പൊലീസിന്റെ പിടിയിലായത്. സ്ഥിരം ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് മോഷണം നടത്താറുള്ള ഇയാൾ പുലിയില,വേങ്ങനാട്, ശ്രീദുർഗ്ഗാ ദേവീക്ഷേത്രത്തിലെ കവർച്ചയ്ക്ക് പിന്നാലെയാണ് പിടിയിലായത്.

ഈ മാസം 10ന് ഉച്ചയ്ക്ക് രണ്ടുമണിക്കായിരുന്നു മോഷണം. ക്ഷേത്രം പൂജാരിയും മറ്റു ക്ഷേത്ര അംഗങ്ങളുമില്ലാത്ത സമയത്ത് ക്ഷേത്ര മതിൽക്കെട്ടിനുള്ളിൽ കയറി ഓട്ടുരുളിയും ഓട്ടുവിളക്കുകളുമടക്കം അപഹരിക്കുകയായിരുന്നു. ക്ഷേത്രം ഭാരവാഹികൾ കണ്ണനല്ലൂർ സ്റ്റേഷനിൽ നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി വലയിലായത്. സി സി ടി വി പരിശോധിച്ചപ്പോഴാണ് രതീഷ് ചാക്കിൽ കെട്ടിയ സാധനങ്ങളുമായി പോകുന്ന ദൃശ്യങ്ങൾ കണ്ടത്. ഇന്നലെ രാത്രി കണ്ണനല്ലൂരിൽ ആളൊഴിഞ്ഞ കെട്ടിടത്തിൽ നിന്നുമാണ് രതീഷിനെ പിടികൂടിയത്. സമാനരീതിയിൽ വിവിധ ക്ഷേത്രങ്ങളിൽ മോഷണം നടത്തിയ പരാതികൾ കുണ്ടറ, കണ്ണനല്ലൂർ സ്റ്റേഷനുകളിലുണ്ട്. എസ് ഐ ആശ, എഎസ് ഐ രതീഷ് കുമാർ, സിപിഒ സിജോ, പ്രജീഷ്, പ്രമോദ്, തുടങ്ങിയവർ ചേർനാണ് പ്രതിയെ പിടികൂടിയത്.

നങ്ങ്യാർകുളങ്ങര ഗവൺമെന്റ് യു പി സ്കൂളിൽ മോഷണം

ഹരിപ്പാട്: നങ്ങ്യാർകുളങ്ങര ഗവൺമെന്റ് യു പി സ്കൂളിലെ ഓഫീസ് മുറിയുടെ വാതിൽ കുത്തിത്തുറന്ന് പണം കവർന്നു. കുട്ടികളുടെ സമ്പാദ്യ പദ്ധതിയിലേക്ക് ട്രഷറിയിൽ അടയ്ക്കാൻ മാറ്റിവെച്ചിരുന്ന മൂവായിരം രൂപയാണ് നഷ്ടപ്പെട്ടത്. ചൊവ്വാഴ്ച രാവിലെ സ്കൂൾ തുറക്കാനെത്തിയപ്പോഴാണ് മോഷണവിവരം അധികൃതരുടെ ശ്രദ്ധയിൽപ്പെടുന്നത്. ഓഫീസിന്റെ തെക്കേ അറ്റത്തുള്ള മുറിയിലെ രണ്ട് അലമാരകൾ കുത്തിപ്പൊളിച്ച നിലയിലായിരുന്നു. പുലർച്ചെ മൂന്നു മണി വരെയുള്ള സിസിടിവി ദൃശ്യങ്ങളിൽ സംശയാസ്പദമായി യാതൊന്നും കണ്ടെത്താത്തതിനാൽ, നാലു മണിക്ക് ശേഷമായിരിക്കാം മോഷണം നടന്നതെന്നാണ് പ്രാഥമിക നിഗമനം. സ്കൂൾ ഹെഡ്മിസ്ട്രസ് കെ രാജശ്രീ നൽകിയ പരാതിയിൽ ഹരിപ്പാട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഫോറൻസിക്, ഫിംഗർപ്രിന്റ് വിദഗ്ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചിട്ടുണ്ട്.

സ്കൂൾ പരിസരത്ത് സാമൂഹികവിരുദ്ധരുടെ അതിക്രമങ്ങൾ ഉണ്ടാകുന്നത് ഇതാദ്യമല്ല. കഴിഞ്ഞ വർഷം മാത്രം രണ്ട് തവണയാണ് ഇവിടെ സമാനമായ രീതിയിൽ അനിഷ്ട സംഭവങ്ങൾ ഉണ്ടായത്. മുൻപ് സ്കൂളിലെ ബാത്റൂം ഫിറ്റിങ്സുകളും പൈപ്പുകളും പുറത്തെ ടാപ്പുകളും നിരന്തരമായി മോഷ്ടിക്കപ്പെടുകയും തല്ലിപ്പൊളിക്കുകയും ചെയ്തിരുന്നു. പഴയ കെട്ടിടത്തിൽ കുട്ടികൾക്ക് കൈകഴുകാൻ വെച്ചിരുന്ന ടാപ്പുകൾ മുറിച്ചുമാറ്റുകയും ആൺകുട്ടികളുടെ യൂറിനലിന്റെ ഭാഗങ്ങൾ തല്ലിപ്പൊളിക്കുകയും ചെയ്ത സംഭവങ്ങളുമുണ്ടായിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button