തിരുവനന്തപുരത്ത് ലഹരിക്കടിമയായ മകൻ്റെ മർദ്ദനമേറ്റു; ചികിത്സയിലിരിക്കെ പിതാവിന് ദാരുണാന്ത്യം
തിരുവനന്തപുരം: ലഹരിക്കടിമയായ മകന്റെ ക്രൂരമർദ്ദനത്തിനിരയായ പിതാവ് ചികിത്സയിലിരിക്കെ മരിച്ചു. കിളിമാനൂർ പൊരുന്തമൺ സ്വദേശി ഹരികുമാർ ആണ് മരിച്ചത്.
ഇന്ന് പുലർച്ചെ മെഡിക്കൽ കോളേജിൽ വെച്ചായിരുന്നു ഹരികുമാറിന്റെ മരിച്ചത്. ലഹരി ഉപയോഗിച്ച് വന്ന മകൻ ആദിത്യൻ ജനുവരി 15നാണ് ഹരികുമാറിനെ ക്രൂരമായി മർദ്ദിച്ചത്. മുഖത്തും തലയിലുമാണ് ഹരികുമാറിന് പരുക്കേറ്റത്. അന്നുതന്നെ ഹരികുമാറിനെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ ബൈക്കപകടത്തിൽ പരിക്കേറ്റതാണെന്നായിരുന്നു ആശുപത്രിയിൽ അറിയിച്ചത്. തുടർന്ന് ചികിത്സയിലിരിക്കെ ഇന്ന് ഹരികുമാർ മരിക്കുകയായിരുന്നു. സംഭവത്തിൽ മകൻ ആദിത്യനെ പൊലീസ് ചോദ്യം ചെയ്യുകയാണ്. പോസ്റ്റ്മോര്‍ട്ടം റിപ്പോർട്ട് കിട്ടിയാൽ ഉടൻ പൊലീസ് അടുത്ത നടപടികളിലേക്ക് കടക്കും.
കഴിഞ്ഞ ദിവസം കോഴിക്കോട് താമരശ്ശേരിയിലും സമാനമായ സംഭവം നടന്നിരുന്നു. ജനുവരി 18ന് ലഹരിമരുന്നിന് അടിമയായ മകൻ അമ്മയെ വെട്ടിക്കൊന്നിരുന്നു. അടിവാരം 30 ഏക്കർ കായിക്കൽ സ്വദേശിനി സുബൈദയെയാണ് മകൻ ആഷിഖ് കൊലപ്പെടുത്തിയത്. ബ്രെയിൻട്യൂമർ ശസ്ത്രക്രിയ കഴിഞ്ഞ് സുബൈദ പൂർണ്ണമായും കിടപ്പിലായിരുന്നു. ബെംഗളൂരുവിലെ ഡി അഡിഷൻ സെൻ്ററിലായിരുന്ന മകൻ അമ്മയെ കാണാൻ എത്തിയപ്പോഴാണ് ക്രൂരമായ കൊലപാതകം നടത്തിയത്. ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം നടന്നത്.
വെള്ളിയാഴ്ച ആഷിഖ് വീട്ടിലെത്താത്തത് സുബൈദ ചോദ്യം ചെയ്തത് തര്‍ക്കത്തില്‍ കലാശിച്ചിരുന്നു. ആഷിഖ് ആവശ്യപ്പെട്ട പണം നല്‍കാതിരുന്നതും പ്രകോപനമായി. തുടര്‍ന്ന് അയല്‍വാസിയില്‍ നിന്നും തേങ്ങ പൊതിക്കാനാണെന്ന് പറഞ്ഞ് വെട്ടുകത്തി വാങ്ങിയാണ് കൊലപാതകം നടത്തിയത്. നിലവിളി കേട്ട് സമീപവാസികള്‍ ഓടിയെത്തിയപ്പോള്‍ സുബൈദ നിലത്ത് കിടന്ന് പിടയുകയായിരുന്നു. പിന്നാലെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പ്ലസ് ടുവിന് ഓട്ടോ മൊബൈല്‍ കോഴ്സാണ് ആഷിഖ് പഠിച്ചിരുന്നത്. കോളേജില്‍ ചേര്‍ന്ന ശേഷം ആഷിഖ് മയക്കു മരുന്നിന് അടിമയാവുകയായിരുന്നുവെന്നാണ് മാതൃസഹോദരി ഷക്കീലയുടെ പ്രതികരണം.