Uncategorized

കോഴിക്കോട് വീണ്ടും മലമ്പനി; രോ​ഗബാധ 63കാരന്

കോഴിക്കോട്: ജില്ലയിൽ വീണ്ടും മലമ്പനി റിപ്പോർട്ട് ചെയ്തു. ഒളവണ്ണ പഞ്ചായത്തിലാണ് മലമ്പനി റിപ്പേർട്ട് ചെയ്തത്. പഞ്ചായത്തിലെ ഒന്നാം വാർഡായ ഇരിങ്ങല്ലൂരിലൂരിൽ 63കാരനാണ് മലമ്പനി ബാധിച്ചത്. സ്വകാര്യ ആശുപത്രിയിലെ ചികത്സക്കിടെയാണ് മലമ്പനി സ്ഥിരീകരിച്ചത്. ബ്ലോക്ക് പഞ്ചായത്തിലെ ആരോഗ്യ പ്രവർത്തകരുടെ നേതൃത്വത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിച്ചു.
കഴിഞ്ഞ ദിവസം, മധ്യപ്രദേശിൽ നിന്ന് വന്ന അതിഥി തൊഴിലാളിക്ക് മലമ്പനി സ്ഥിരീകരിച്ചിരുന്നു. തിക്കോടിയിൽ ആണ് രോഗബാധ സ്ഥിരീകരിച്ചത്. മെയ് അവസാനവാരമാണ് മധ്യപ്രദേശ് സ്വദേശി കോഴിക്കോട് എത്തിയത്. ജൂൺ എട്ടിന് പനിയും ലക്ഷണങ്ങളും പ്രകടിപ്പിച്ചു. പിന്നാലെ സാമ്പിൾ പരിശോധനയിലാണ് മലേറിയ സ്ഥിരീകരിച്ചത്.

എന്താണ് മലേറിയ അഥവാ മലമ്പനി
പ്ലാസ്മോഡിയം വിഭാഗത്തിൽപ്പെട്ട ഒരു ഏകകോശ പരാദമാണ് മലമ്പനിക്ക് കാരണം. മലമ്പനി പ്രധാനമായും പെൺ വിഭാഗത്തിൽപ്പെട്ട അനോഫിലിസ് കൊതുകുകളാണ് പകർത്തുന്നത്. രോഗബാധ തലച്ചോറിനെ ബാധിക്കുന്ന സെറിബ്രൽ മലേറിയ പോലെയുള്ള ഗുരുതരാവസ്ഥക്കും അതുമൂലമുള്ള മരണത്തിനും കാരണമാകാൻ സാധ്യതയുള്ളതാണ്.പനിയോടൊപ്പം ശക്തമായ കുളിരും, തലവേദനയും പേശി വേദനയുമാണ് പ്രാരംഭലക്ഷണം. വിറയലോടുകൂടി ആരംഭിച്ച് ശക്തമായ പനിയും കുളിരും ദിവസേനയോ, ഒന്നിടവിട്ടുള്ള ദിവസങ്ങളിലോ മൂന്നുദിവസം കൂടുമ്പോഴോ ആവർത്തിക്കുന്നത് മലമ്പനിയുടെ മാത്രം പ്രത്യേക ലക്ഷണമായി കരുതാം. ഇതോടൊപ്പം മനംപുരട്ടൽ, ഛർദ്ദി, ചുമ, ത്വക്കിലും കണ്ണിലും മഞ്ഞ നിറം എന്നിവയും ഉണ്ടാകാം. പനി, ശക്തമായ തലവേദന എന്നീ ലക്ഷണങ്ങൾ മാത്രമായും മലമ്പനി കാണാറുണ്ട്.

പ്രതിരോധ മാർഗങ്ങൾ

കൊതുകുകടി ഏൽക്കാതിരിക്കുവാനായി വ്യക്തിഗത സുരക്ഷാമാർഗങ്ങൾ സ്വീകരിക്കുകയാണ് പ്രധാനം. മലമ്പനിയ്ക്ക് കാരണമാകുന്ന കൊതുകുകൾ ശുദ്ധജലത്തിൽ മുട്ടയിട്ട് വളരുന്നതിനാൽ വീടിനുള്ളിലും പരിസരങ്ങളിലും വെള്ളം കെട്ടിനിൽക്കുന്ന സാഹചര്യം ഒഴിവാക്കുക.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button