Uncategorized

നീറ്റ് പുനപരീക്ഷ റദ്ദാക്കണമെന്ന് സുപ്രീം കോടതിയിൽ ഹർജി, ഇന്നറിയാം തീരുമാനം; പരീക്ഷ നീട്ടണമെന്ന ആവശ്യവുമായി 1467 വിദ്യാർഥികൾ എൻടിഎക്ക് നിവേദനം നൽകി

ദില്ലി: നീറ്റ് പുനപരീക്ഷ റദ്ദാക്കണമെന്ന് സുപ്രീംകോടതിയില്‍ ഹര്‍ജി. പുനപരീക്ഷ നടത്താനുള്ള തീരുമാനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഡോ. മംഗള കോഹ്ലിയാണ് ഹര്‍ജി നല്‍കിയത്. ദേശീയതലത്തില്‍ നടത്തുന്ന നീറ്റ് പരീക്ഷയിൽ ചിലയിടങ്ങളിലെ ക്രമക്കേട് ചൂണ്ടിക്കാട്ടി മുൻ പരീക്ഷ റദ്ദാക്കുന്നത് നിയമവിരുദ്ധമാണെന്നാണ് ഹ‍ർജിയിലെ വാദം. രാജ്യത്തെ ഏതാനും സെന്ററുകളില്‍ മാത്രമാണ് ചോദ്യപേപ്പര്‍ ചോര്‍ന്നിട്ടുള്ളത്, അതിനാൽ ക്രമക്കേട് നടന്ന സെന്ററുകളില്‍ നടന്ന പരീക്ഷ മാത്രം റദ്ദാക്കിയാല്‍ മതിയെന്നും ഹർജിയിൽ പറയുന്നു. നീറ്റിന്റെ ആദ്യ പരീക്ഷ റദ്ദാക്കിയ വിജ്ഞാപനവും, പുനപരീക്ഷ നടത്താനുള്ള നോട്ടിഫിക്കേഷനും റദ്ദാക്കണമെന്നാണ് ഹർജിക്കാരന്റെ വാദം. ഹര്‍ജി സുപ്രീംകോടതി ഇന്ന് പരി​ഗണിച്ചേക്കും. മെയ് മൂന്നിന് നടന്ന പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന ആരോപണത്തെ തുടര്‍ന്ന് റ​ദ്ദാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ജൂൺ 21 ന് പുനപരീക്ഷ തീരുമാനിച്ചത്.

പരീക്ഷ നീട്ടാൻ നിവേദനം

അതിനിടെ പുനപരീക്ഷ നീട്ടണമെന്ന ആവശ്യവുമായി വിദ്യാർഥികളും രംഗത്തെത്തി. 1467 വിദ്യാർഥികൾ ഇക്കാര്യം ആവശ്യപ്പെട്ട് എൻ ടി എയ്ക്ക് നിവേദനം നൽകി. പുനപരീക്ഷ ഒരുമാസം കൂടി നീട്ടണമെന്നാണ് വിദ്യാർത്ഥികളുടെ ആവശ്യം. പരീക്ഷ പെട്ടെന്ന് പ്രഖ്യാപിച്ചതിനാൽ കാര്യമായി തയ്യാറെടുക്കാൻ സമയം ലഭിച്ചില്ലെന്നാണ് വിദ്യാർഥികളുടെ പരാതി. അഭിഭാഷകൻ വിനീത് ജിൻഡാൽ വഴിയാണ് എൻ ടി എയ്ക്ക് നിവേദനം സമ‍ർപ്പിച്ചത്. അതേസമയം പരീക്ഷ നീറ്റായി നടത്തണമെന്ന് സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആഭ്യന്തര സെക്രട്ടറി ​ഗോവിന്ദ് മോഹൻ നിർദ്ദേശം നൽകി. പുനപരീക്ഷയ്ക്ക് സുരക്ഷ ഒരുക്കുന്നതിൽ സംസ്ഥാനങ്ങളുടെ പൂർണ്ണ സഹകരണം വേണമെന്നും അ‍​ദ്ദേഹം ആവശ്യപ്പെട്ടു.

ടെലഗ്രാമിന് താൽക്കാലിക നിയന്ത്രണം

അതേസമയം നീറ്റ് പുനഃപരീക്ഷ നടക്കാനിരിക്കെ കർശന നടപടിയുമായി കേന്ദ്ര സര്‍ക്കാര്‍. ഇന്ത്യയിൽ ടെലഗ്രാമിന് താൽക്കാലിക നിയന്ത്രണം ഏര്‍പ്പെടുത്തി. ടെലഗ്രാം ആക്‌സസ് ജൂൺ 22 വരെയാണ് പരിമിതപ്പെടുത്തിയിരിക്കുന്നത്. ചോദ്യ പേപ്പർ ചോര്‍ച്ച തട്ടിപ്പുകൾ തടയാനാണ് കേന്ദ്ര നടപടി. മെസേജ് എഡിറ്റ് ഫീച്ചർ ജൂൺ 30 വരെ ഇന്ത്യയിൽ പ്രവർത്തനരഹിതമാക്കി. നിരവധി ടെലഗ്രാം ചാനലുകളും ബോട്ടുകളും നീക്കം ചെയ്തിട്ടുണ്ട്. ചോദ്യ പേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് വിവിധ സംസ്ഥാനങ്ങളിൽ അന്വേഷണം പുരോഗമിക്കുകയാണ്. എന്‍ഇഇടി പേപ്പർ ലീക്ക് എന്ന പേരിൽ പ്രവർത്തിച്ച നിരവധി ചാനലുകൾ അടച്ചുപൂട്ടി. അതേസമയം, ചോദ്യ പേപ്പർ ലഭ്യമാക്കാമെന്ന വാഗ്ദാനം പൂർണമായും തട്ടിപ്പാണെന്ന് എന്‍ ടി എ അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button