മദ്യനിർമാണ കമ്പനിക്കുളള അനുമതി പുന:പരിശോധിക്കണമെന്ന് എലപ്പുളളി പഞ്ചായത്ത്,സർക്കാരിന് കത്ത് നൽകാന്‍ തീരുമാനം
പാലക്കാട്: എലപ്പുളളിയിലെ മദ്യനിർമ്മാണ കമ്പനിക്കുളള അനുമതി പുന:പരിശോധിക്കണമെന്ന് പഞ്ചായത്ത് ഭരണ സമിതി. പുന:പരിശോധന ആവശ്യപ്പെട്ട് സർക്കാരിന് കത്ത് നൽകാൻ തീരുമാനമായി.ഭരണ സമിതി തീരുമാനത്തെ ബി ജെപി അംഗങ്ങൾ പിന്തുണച്ചു. എന്നാൽ യോഗത്തിൽ സിപിഎം അംഗങ്ങൾ നിലപാട് വ്യക്തമാക്കിയില്ല.യോജിക്കാനും വിയോജിക്കാനുമില്ലെന്ന് സിപിഎം അംഗങ്ങൾ വ്യക്തമാക്കി.ചർച്ചയ്ക്കിടെ സി പി എം ബി ജെ പി അംഗങ്ങൾ തമ്മിൽ ഏറെ നേരം വാക്കേറ്റമുണ്ടായി. അതെ സമയം പദ്ധതിക്കെതിരെ ബി ജെ പി എലപ്പുള്ളി പഞ്ചായത്ത് ഓഫീസിലേക്കും ജല അതോറിറ്റി ഓഫീസിലേക്കും മലമ്പുഴയിലേക്കും മാർച്ച് നടത്തി.
എലപ്പുള്ളിയിൽ ബ്രൂവറി നടത്തിപ്പിന് അനുമതി ലഭിച്ച കമ്പനിയുടെ ബ്രാൻഡ് അംബാസിഡറാണ് എക്സൈസ് മന്ത്രി എം.ബി രാജേഷെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി സി.കൃഷ്ണകുമാർ. അവിശുദ്ധ ഇടപാടിന് കൂട്ട് നിന്ന എം.ബി.രാജേഷ് മന്ത്രി സ്ഥാനം രാജിവയ്ക്കണം.നേരത്തെ തന്നെ സ്വകാര്യ കമ്പനിക്ക് പ്ലാൻ്റ് തുടങ്ങുന്നതിനുള്ള മൗനാനുവാദം സർക്കാർ നൽകിയിരുന്നു..മലമ്പുഴ ഡാമിന്‍റെ കരയിൽ താമസിക്കുന്ന ആദിവാസികൾക്കുൾപ്പെടെ കുടിവെള്ളം കിട്ടാത്ത സ്ഥിതിയുണ്ട്. ഈ സാഹചര്യത്തിലാണ് മലമ്പുഴ ഡാമിൽ നിന്നും കൂടുതൽ ജല ചൂഷണത്തിനുള്ള ശ്രമമെന്നും സി.കൃഷ്ണകുമാർ പാലക്കാട് പറഞ്ഞു.