നടുക്കുന്ന ദൃശ്യങ്ങൾ; കൊയമ്പത്തൂരിലെ ‘അരിക്കൊമ്പൻ’? രാത്രിയിൽ വീട്ടിൽക്കയറി, അരിച്ചാക്കുമായി ആന പുറത്തേക്ക്
വന്യമൃഗങ്ങൾ ജനവാസമേഖലയിലേക്ക് വരുന്നതും വീടുകളിലും മറ്റും അതിക്രമിച്ച് കേറി നാശമുണ്ടാക്കുന്നതുമായ പല വാർത്തകളും നമ്മൾ കണ്ടിട്ടുണ്ടാവും. അതുപോലെ നടുക്കുന്ന ഒരു സംഭവമാണ് കോയമ്പത്തൂരിൽ മിനിഞ്ഞാന്ന് രാത്രിയിലും ഉണ്ടായത്. ഈ സംഭവത്തിന്റെ ദൃശ്യങ്ങൾ പിന്നീട് സോഷ്യൽ മീഡിയയിൽ വൈറലായി മാറി. ശനിയാഴ്ച രാത്രിയിൽ ഒരു വീട്ടിൽ കയറിയത് ഒരു കാട്ടാനയാണ്. അവിടെ നിന്നും ഒരു ചാക്ക് അരിയെടുത്ത ശേഷം ആന ഇറങ്ങിപ്പോവുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. വീട്ടുകാരെല്ലാം തന്നെ പേടിച്ച് ശ്വാസം പോലും നിലച്ച അവസ്ഥയിലായിരുന്നു. എന്നാൽ, ഭാഗ്യം എന്ന് പറയട്ടെ സംഭവത്തിൽ ആർക്കും പരിക്കില്ല. കോയമ്പത്തൂരിലെ തെർക്കുപാളയത്താണ് സംഭവം നടന്നത്.
കാട്ടാന അതിക്രമിച്ച് കയറിയ വിവരം അറിഞ്ഞതോടെ നാട്ടുകാർ ആകെ ഭയത്തിലാണ് എന്നും റിപ്പോർട്ടുകൾ പറയുന്നു. ആന കയറിയ വീട്ടിൽ താമസിച്ചിരുന്നത് നാല് ഇതരസംസ്ഥാന തൊഴിലാളികൾ ആയിരുന്നുവെന്ന് ഹിന്ദുസ്ഥാൻ ടൈംസ് എഴുതുന്നു. ആന അതിക്രമിച്ച് കയറുന്ന സമയത്ത് അവർ ഭക്ഷണം പാകം ചെയ്യുകയായിരുന്നു. ആനയെ കണ്ടതോടെ നാലുപേരും അവിടെ നിന്നും മാറിനിന്നു. ആനയുടെ ശ്രദ്ധയാകർഷിക്കാതിരിക്കാൻ വേണ്ടി ഗ്യാസ് സ്റ്റൗ ഓഫ് ചെയ്യുകയും ചെയ്തു. ആനയാണെങ്കിൽ ഗ്യാസ് സ്റ്റൗവിന് നേരെ തന്നെ തിരിഞ്ഞു. എന്നാൽ, അവിടെ നിന്നും പെട്ടെന്ന് തന്നെ പിന്തിരിയുകയായിരുന്നു. ഒടുവിൽ അവിടെ സൂക്ഷിച്ചിരുന്ന ഒരു ചാക്ക് അരിയും എടുത്ത് സ്ഥലം വിട്ടു.