Uncategorized

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യയാത്ര: ഉദ്ഘാടന ദിവസം യാത്ര ചെയ്യാൻ മുഖ്യമന്ത്രിയും

തിരുവനന്തപുരം: കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്കുള്ള സൗജന്യ യാത്രാ പദ്ധതിയുടെ ഉദ്ഘാടന ദിവസം മുഖ്യമന്ത്രി വി.ഡി. സതീശനും ബസിൽ യാത്ര ചെയ്യും. തിങ്കളാഴ്‌ച സെക്രട്ടറിയേറ്റ് വരെയാണ് മുഖ്യമന്ത്രി യാത്ര ചെയ്യുക. വനിതാ മന്ത്രിമാരും ബസിൽ യാത്ര ചെയ്യും.
ഓർഡിനറി ബസുകളിലാണ് ആദ്യഘട്ടത്തിൽ സ്ത്രീകൾക്കുള്ള സൗജന്യയാത്ര തീരുമാനിച്ചിട്ടുള്ളത്. സൗജന്യയാത്ര ലഭ്യമാകുന്ന ഓർഡിനറി ബസുകളിൽ പ്രിയദർശിനി സ്റ്റിക്കർ ഒട്ടിക്കാനും തീരുമാനമായിട്ടുണ്ട്. ബസുകളുടെ ഡോറുകളിലാകും സ്റ്റിക്കർ പതിക്കുക. ഇതിലൂടെ സൗജന്യയാത്ര ഉള്ളത് ജനങ്ങൾക്ക് അറിയാൻ സാധിക്കും. തെരഞ്ഞെടുപ്പ് പ്രചാരണ ഘട്ടത്തിൽ ഇന്ദിരാ ഗ്യാരന്റി എന്ന പേരിൽ യുഡിഎഫ് മുന്നോട്ട് വച്ച അഞ്ചിന ഗ്യാരന്റികളിൽ ഒന്നായിരുന്നു സ്ത്രീകൾക്കുള്ള സൗജന്യയാത്ര.
പദ്ധതി നടപ്പിലാക്കുന്നതിലൂടെ ഒരു മാസം സർക്കാരിന് 70 കോടിയോളം ബാധ്യതയുണ്ടാക്കുമെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. സൗജന്യയാത്രയെ തുടർന്ന് 750- 800 കോടിയോളം വരുമാനക്കുറവ് കെഎസ്ആർടിസിക്ക് ഉണ്ടാകും. ഈ തുക സർക്കാർ കെഎസ്ആർടിസിക്ക് നൽകും. 1500 കോടിയോളം രൂപ നിലവിൽ കെഎസ്ആർടിസിക്ക് ശമ്പളവും പെൻഷനുമായി നൽകുന്നുണ്ട്. ഇതിനൊപ്പമായിരിക്കും ഈ തുക കൂടി നൽകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button