Uncategorized

ബേസ്ബോൾ ബാറ്റ് കൊണ്ട് ആക്രമണം, യുഎസിൽ നിയമവിരുദ്ധമായി താമസിച്ചിരുന്ന ഇന്ത്യൻ പൗരൻ അറസ്റ്റിൽ

വാഷിംഗ്ടൺ: അമേരിക്കയിൽ ബേസ്ബോൾ ബാറ്റ് ഉപയോഗിച്ച് ആളുകളെ ആക്രമിച്ച കേസിൽ ഇന്ത്യൻ പൗരനെ ഫെഡറൽ അധികൃതർ അറസ്റ്റ് ചെയ്തു. മസാച്യുസെറ്റ്സിലെ വോർസെസ്റ്ററിൽ നടന്ന സംഭവത്തിൽ ധവൽ പട്ടേൽ എന്നയാളാണ് പിടിയിലായത്. മെയ് 16-നാണ് പൊലീസ് യുവാവിനെ ആദ്യം അറസ്റ്റ് ചെയ്തത്. താൻ ജോലി ചെയ്തിരുന്ന ബാറിലെത്തിയ ഒരാളുമായി ധവൽ തർക്കത്തിൽ ഏർപ്പെടുകയും, തുടർന്ന് ബേസ്ബോൾ ബാറ്റ് എടുത്ത് ഇയാളെ ക്രൂരമായി മർദ്ദിക്കുകയുമായിരുന്നു. അപകടകരമായി, ആയുധം ഉപയോഗിച്ച് ആക്രമിച്ചതിനാണ് ഇയാൾക്കെതിരെ പൊലീസ് കേസെടുത്തത്.

ആദ്യ അറസ്റ്റിന് പിന്നാലെ അമേരിക്കയിൽ വലിയ രാഷ്ട്രീയ വിവാദങ്ങൾക്കും ഈ സംഭവം കാരണമായി. അനധികൃതമായി രാജ്യത്ത് പ്രവേശിച്ച പട്ടേലിനെക്കുറിച്ച് യു.എസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റിനെ അറിയിക്കാതെ മസാച്യുസെറ്റ്സിലെ പ്രാദേശിക ഭരണകൂടം ജാമ്യത്തിൽ വിട്ടയക്കുകയായിരുന്നു. അനധികൃത കുടിയേറ്റക്കാരെ സംരക്ഷിക്കുന്ന പ്രാദേശിക നയങ്ങളുടെ ഭാഗമായാണ് ഇയാളെ വിട്ടയച്ചത്. പ്രാദേശിക അധികൃതർ ഇമിഗ്രേഷൻ വകുപ്പുമായി സഹകരിക്കാതിരുന്നതിനെ തുടർന്ന് ഫെഡറൽ ഏജൻസിയായ ഐ.സി.ഇ നേരിട്ട് രംഗത്തിറങ്ങുകയും മെയ് 18-ന് പട്ടേലിനെ വീണ്ടും അറസ്റ്റ് ചെയ്യുകയുമായിരുന്നു.

ഈ സംഭവത്തിൽ മസാച്യുസെറ്റ്സിലെ ഭരണാധികാരികൾക്കെതിരെ യു.എസ് ഡിപ്പാർട്ട്മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി ശക്തമായ വിമർശനം ഉന്നയിച്ചു. ക്രിമിനലുകളായ അനധികൃത കുടിയേറ്റക്കാരെ ജയിലിൽ നിന്ന് മോചിപ്പിക്കുന്നതിലൂടെ ഇത്തരം രാഷ്ട്രീയക്കാർ സ്വന്തം പൗരന്മാരുടെ സുരക്ഷയാണ് അപകടത്തിലാക്കുന്നതെന്ന് ആക്ടിങ് അസിസ്റ്റന്റ് സെക്രട്ടറി ലോറൻ ബിസ് പ്രസ്താവനയിൽ വ്യക്തമാക്കി. ധവൽ ഏത് തീയതിയിലാണ്, എങ്ങനെയാണ് യു.എസിൽ നിയമവിരുദ്ധമായി പ്രവേശിച്ചതെന്ന കാര്യം വ്യക്തമല്ലെന്ന് അധികൃതർ അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button