പ്രമോഷൻ റീൽസ് ചിത്രീകരിക്കുന്നതിനിടെ ആഡംബര കാർ ഇടിച്ച് യുവാവ് മരിച്ച സംഭവം: അന്വേഷണം ഊർജിതമാക്കണെന്ന് കുടുംബം
കോഴിക്കോട്: പ്രമോഷന്‍ വീഡിയോ ചിത്രീകരണത്തിനിടെ കോഴിക്കോട് ബീച്ച് റോഡില്‍ യുവാവ് കാറിടിച്ച് മരിച്ച സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കണമെന്ന ആവശ്യവുമായി കുടുംബം. അപകടത്തില്‍ ദുരൂഹതയുണ്ടോയെന്നതടക്കം അന്വേഷിക്കണമെന്നും മരിച്ച ആല്‍വിന്‍റെ അച്ഛന്‍ സുരേഷ് ആവശ്യപ്പെട്ടു. അതിനിടെ, അപകടമുണ്ടാക്കിയ തെലങ്കാന രജിസ്ട്രേഷന്‍ കാറിന്‍റെ ഉടമയില്‍ നിന്ന് പോലീസ് മൊഴിയെടുത്തു. കഴിഞ്ഞ ഡിസംബര്‍ 11നാണ് ബീച്ച് റോഡില്‍ വെച്ച് ആഡംബര കാറുകളുടെ പ്രമോഷന്‍ വീഡിയോ ചിത്രീകരിക്കുന്നതിനിടെ തണ്ണീര്‍പന്തല്‍ സ്വദേശി ആല്‍വിന്‍ കാറിടിച്ച് മരിച്ചത്.
സംഭവത്തില്‍ മനപൂര്‍വ്വമല്ലാത്ത നരഹത്യ, അശ്രദ്ധമായ ഡ്രൈവിംഗ്, ഇന്‍ഷൂറന്‍സ് ഇല്ലാത്ത വാഹനം ഓടിച്ചു തുടങ്ങിയ വകുപ്പുകള്‍ ചുമത്തി കാറോടിച്ച മഞ്ചേരി സ്വദേശി സാബിദ് റഹ്മാനെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടിരുന്നു. അപകടം നടന്ന് ഒന്നര മാസം പിന്നിട്ടിട്ടും അന്വേഷണം പൂര്‍ത്തിയായിട്ടില്ല. ഈ സാഹചര്യത്തില്‍ അന്വേഷണം വേഗത്തിലാക്കണമെന്നാണ് കുടുംബം ആവശ്യപ്പെടുന്നത്. അപകടത്തിന്‍റെ സി സി ടി വി ദൃശ്യം പുറത്തു വിട്ട് സംഭവത്തിലെ ദുരൂഹത നീക്കാന്‍ പൊലീസ് തയ്യാറാകണമെന്നും കുടുംബം ആവശ്യപ്പെട്ടു. തെലങ്കാന സ്വദേശിയായ അശ്വിന്‍ ജയിന്‍റെ പേരിലായിരുന്നു അപകടമുണ്ടാക്കിയ കാറിന്‍റെ രജിസ്ട്രേഷന്‍.
കാറിന് ഇന്‍ഷൂറന്‍സോ ടാക്സ് അടച്ച രേഖകളോ ഉണ്ടായിരുന്നില്ല. വെള്ളയില്‍ പൊലീസ് അടുത്തിടെ തെലങ്കാനയിലെത്തി അശ്വിന്‍ ജയിനിനെ കണ്ടെത്തി. കാര്‍ നേരത്തെ തന്നെ മഞ്ചേരി സ്വദേശിക്ക് വിറ്റിരുന്നതായാണ് ഇയാള്‍ നല്‍കിയ മൊഴി. രജിസ്ട്രേഷന്‍ മാറ്റുന്നതിനുള്ള നടപടികള്‍ പൂര്ത്തിയായി വരുന്നതിനിടെയായിരുന്നു അപകടമെന്ന് പൊലീസ് പറഞ്ഞു. ഇക്കാര്യങ്ങള്‍ വ്യക്തമാക്കിക്കൊണ്ടുളള റിപ്പോര്‍ട്ട് ഉടന്‍ കോടതിയില്‍ സമര്‍പ്പിക്കുമെന്നും പൊലീസ് അറിയിച്ചു.