Uncategorized

CMRL- എക്‌സാലോജിക് കേസിലെ പരിശോധന; പ്രതിഷേധവുമായി സിപിഐഎം

കണ്ണൂര്‍: സിഎംആര്‍എല്‍- എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീടുകളില്‍ ഉള്‍പ്പെടെ നടക്കുന്ന ഇ ഡി പരിശോധനയില്‍ വ്യാപക പ്രതിഷേധവുമായി സിപിഐഎം. ഏതുതരത്തിലാണ് പ്രതിഷേധം വേണ്ടതെന്ന് തീരുമാനിക്കാന്‍ അടിയന്തര സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം വിളിച്ചിട്ടുണ്ട്. ഇന്ന് രാവിലെ പത്തുമണിക്ക് ഓണ്‍ലൈനായാണ് യോഗം ചേരുക. തിരുവനന്തപുരത്തുളള സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങള്‍ എകെജി സെന്ററിലെത്തും. മറ്റ് പ്രധാന നേതാക്കളോടും യോഗത്തില്‍ പങ്കെടുക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. പിണറായിയില്‍ പ്രകടനം നടത്താനാണ് തീരുമാനം.

കണ്ണൂരിലെ പിണറായി വിജയന്റെ വീട്ടില്‍ ഇ ഡി ഉദ്യോഗസ്ഥര്‍ രാവിലെ ആറുമണിയോടെയാണ് പരിശോധനയ്ക്ക് എത്തിയത്. വീട്ടില്‍ ആരുമില്ലാത്തതിനാല്‍ പരിശോധന വൈകി. ഏഴുമണിക്ക് മുന്‍പായി പരിശോധന ആരംഭിച്ചു. വീട്ടിനകത്ത് കെയര്‍ ടേക്കറും പിണറായി ലോക്കല്‍ സെക്രട്ടറിയുമാണ് ഉണ്ടായിരുന്നത്. ഇവരാണ് വീട് തുറന്ന് നല്‍കിയത്. വിവരം പുറത്തുവന്നതോടെ പാര്‍ട്ടി പ്രവര്‍ത്തകര്‍ സ്ഥലത്ത് തമ്പടിച്ചു. ലോക്കല്‍ പൊലീസും സ്ഥലത്തെത്തി. ഇ ഡി റെയ്ഡ് പ്രതികാര രാഷ്ട്രീയ വേട്ടയാടലാണെന്ന് സിപിഐഎം ജില്ലാ കമ്മിറ്റി അംഗം എം കെ മുരളി പറഞ്ഞു. വിഷയത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും എം കെ മുരളി പറഞ്ഞു. സിപിഐഎം ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് ഉടന്‍ പിണറായിയി പണ്ട്യാല മുക്കിലെ വീട്ടിലേക്ക് എത്തും.പിണറായി വിജയന്റെ വസതിയില്‍ നടന്ന ഇ ഡി റെയ്ഡിനെ അപലപിച്ച് സിപിഐഎം രംഗത്തെത്തി. പ്രതിപക്ഷ നേതാവിനെ ലക്ഷ്യമിട്ടുളള ബിജെപി സര്‍ക്കാരിന്റെ ആക്രമണമാണ് ഇതെന്ന് സിപിഐഎം ആരോപിച്ചു. ഇത്തരം നടപടികള്‍ സിപിഐഎമ്മിനെയോ പിണറായി വിജയനെയോ ഭയപ്പെടുത്തില്ല. ഈ റെയ്ഡില്‍ യുഡിഎഫ് സര്‍ക്കാര്‍ പങ്കാളികളാണോ എന്നും സിപിഐഎം എക്‌സില്‍ പങ്കുവെച്ച പോസ്റ്റിലൂടെ ചോദിച്ചു.

സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടില്‍ അടക്കം വിവിധ ഇടങ്ങളിൽ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് പരിശോധന തുടരുകയാണ്. പിണറായി വിജയന്‍റെ തിരുവനന്തപുരത്തെയും കണ്ണൂരിലേയും വീട്ടിലും കൊച്ചിയിലെ സിഎംആര്‍എല്‍ ഓഫീസിലും വീണാ വിജയന്‍റെ ബെംഗളൂരുവിലെ ഓഫീസിലും മുൻ മന്ത്രി മുഹമ്മദ് റിയാസിന്‍റെ കോഴിക്കോട് കോട്ടുളിയിലെ വീട്ടിലും സിഎംആർഎൽ എം ഡി ശശിധരൻ കർത്തയുടെ വീട്ടിലും അടക്കം 12 ഇടങ്ങളിലാണ് ഇ ഡി ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുന്നത്. കേസില്‍ ഇ ഡി അന്വേഷണം തുടരാമെന്ന ഹൈക്കോടതി ഉത്തരവിന് പിന്നാലെയാണ് നടപടി. പിണറായി വിജയനും മകള്‍ വീണയും തിരുവനന്തപുരത്തെ വസതിയിലാണുള്ളത്. ഇ ഡി ഉദ്യോഗസ്ഥര്‍ പിണറായിയുടെയും വീണയുടെയും മൊഴി ശേഖരിക്കുകയാണെന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button