ഓവർടേക്ക് ചെയ്യുന്നതിനിടെ ലോറിയുടെ പിൻഭാഗം തട്ടി ഓട്ടോ മറിഞ്ഞു, വണ്ടിപ്പെരിയാറിൽ ഡ്രൈവർക്ക് ദാരുണാന്ത്യം
മൂന്നാർ: ഇടുക്കി വണ്ടിപ്പെരിയാറിൽ ലോറി ഓട്ടോറിക്ഷയിൽ ഇടിച്ചുണ്ടായ അപകടത്തിൽ ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം. വണ്ടിപ്പെരിയാർ അൻപത്തിയേഴാം മൈൽ സ്വദേശി അമൽ രാജ് (48) ആണ് മരിച്ചത്. വണ്ടിപ്പെരിയാറിൽ നിന്നും അൻപത്തിയേഴാം മൈൽ ഭാഗത്തേയ്ക്ക് വരുകയായിരുന്ന ഓട്ടോറിക്ഷയിൽ മുണ്ടക്കയത്ത് നിന്ന് കുമളി ഭാഗത്തേയ്ക്ക് വരികയായിരുന്നു ലോറി തട്ടുകയായിരുന്നു.
മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെയാണ് ലോറിയുടെ പുറക് വശം അമൽ രാജിന്‍റെ ഓട്ടോയിൽ തട്ടിയത്. ഇതോടെ നിയന്ത്രണം വിട്ട ഓട്ടോറിക്ഷ തലകീഴായി മറിഞ്ഞു. ഓട്ടോയുടെ അടിയിൽപ്പെട്ട അമൽ രാജിനെ നാട്ടുകാരും അത് വഴി വന്ന വാഹന യാത്രികരും ചേർന്ന് വണ്ടിപ്പെരിയാർ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചു. തലക്ക് പരിക്ക് ഗുരുതമായതിനെ തുടർന്ന് ഉടനെ തന്നെ മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. എന്നാൽ ആശുപത്രിയിലേക്കെത്തും മുമ്പ് അമൽ മരണപ്പെട്ടു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.