രാജ്യത്തെ നടുക്കിയ ആർ ജി കർ മെഡിക്കൽ കോളേജിലെ അതിക്രൂര കൊലപാതകത്തിൽ കോടതി വിധിയെന്താകും? നാളെ അറിയാം
കൊൽക്കത്ത: കൊൽക്കത്തയിലെ ആർ ജി കർ മെഡിക്കൽ കോളേജിൽ ട്രെയിനി ഡോക്ടർ ക്രൂര പീഡനത്തിനിരയായി കൊല്ലപ്പെട്ട കേസിൽ കോടതി വിധി നാളെ. കൊൽക്കത്ത സീൽദാ സെക്ഷൻസ് കോടതിയാണ് വിധി പുറപ്പെടുവിക്കുന്നത്. 2024 ഓഗസ്റ്റ് 9 നാണ് നാടിനെ ഒന്നാകെ ഞെട്ടിച്ച കൊടും ക്രൂരത നടന്നത്. രാത്രി ഡ്യൂട്ടിയിലായിരുന്ന വനിതാ ഡോക്ടറെ, സഞ്ജയ് റോയി എന്ന പ്രതി പീഡിപിച്ച് അതിക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു എന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. ആർ ജി കർ മെഡിക്കൽ കോളേജിലെ സെമിനാർ ഹാളിൽ വെച്ചാണ് സംഭവം നടന്നത്. രാജ്യവ്യാപകമായി വലിയ രീതിയിലുള്ള പ്രതിഷേധങ്ങൾ ഉയർന്നതോടെയാണ് കൊൽക്കത്ത ഹൈക്കോടതി, കേസ് അന്വേഷണം സി ബി ഐക്ക് കൈമാറിയത്.
31 വയസുകാരിയായ ട്രെയിനി ഡോക്ടറുടെ മൃതദേഹം അർധനഗ്നമായ അവസ്ഥയിലാണ് സെമിനാർ ഹാളിൽ കണ്ടെത്തിയത്. സ്വകാര്യ ഭാഗങ്ങളിൽ നിന്ന് രക്തമൊഴുകുന്ന നിലയിലും ശരീരത്തിലുടനീളം മുറിവുകളോടെയുമാണ് ട്രെയിനി ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയിരുന്നത്. സാമൂഹ്യ സന്നദ്ധ സേനാംഗമാണ് കേസിൽ അറസ്റ്റിലായിരിക്കുന്ന പ്രതി. ക്രൂരമായ പീഡനത്തിനിരയായാണ് രണ്ടാം വർഷ പി ജി വിദ്യാർത്ഥിനി കൊല്ലപ്പെട്ടിട്ടുള്ളതെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലും കുറ്റുപത്രത്തിലും ചൂണ്ടികാട്ടിയിട്ടുള്ളത്. ബലാത്സംഗം, കൊലപാതകം അടക്കമുള്ള കുറ്റങ്ങളാണ് സഞ്ജയ് റോയിക്കെതിരെ ചുമത്തിയിരിക്കുന്നത്.
അതേസമയം ട്രെയിനി ഡോക്ടറുടെ ബലാത്സംഗ കൊലപാതകത്തിന് പിന്നാലെ നേരത്തെ ആശുപത്രിയിൽ നടന്ന പല സംശയസ്പദമായ മരണങ്ങളും പൊതു സമൂഹത്തിൽ വലിയ ചർച്ചയായി ഉയർന്നിരുന്നു. 2020 ൽ പൗലാമി സാഹ എന്ന വിദ്യാർഥിനിയെ ഗ്രൗണ്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നടക്കമുള്ള കേസുകളിലാണ് വലിയ തോതിൽ സംശയം വീണ്ടും ഉയർന്നത്. ആത്മഹത്യയാണെന്നതിന് തെളിവുകളൊന്നും കണ്ടെടുത്തില്ലെങ്കിലും വിഷാദരോഗം ബാധിച്ച് യുവതി ആറാം നിലയിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തെന്നായിരുന്നു പൊലീസും ആശുപത്രി അധികൃതരും അവകാശപ്പെട്ടത്. ഈ സംഭവത്തിൽ പിന്നീട് തുടരന്വേഷണമൊന്നുമുണ്ടായില്ല.
അതുപോലെ തന്നെ 2003 ൽ എം ബി ബി എസ് ഇന്‍റേൺ ആയിരുന്ന സുവോരോജ്യിതി ദാസ് (23) ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ച സംഭവത്തിലും സംശയം ഉയർന്നിരുന്നു. കെട്ടിടത്തിന് മുകളിൽ നിന്ന് ചാടുന്നതിന് മുമ്പ് വിദ്യാർത്ഥി ആൻ്റീ ഡിപ്രസൻ്റ് കുത്തിവച്ചതായും ഞരമ്പ് മുറിച്ചതായും പൊലീസ് അന്ന് പറഞ്ഞിരുന്നു. ആ കേസും ആത്മഹത്യയായി അവസാനിപ്പിച്ചു. ഈ രണ്ട് കേസിലും ആത്മഹത്യാകുറിപ്പ് കണ്ടെത്തിയിരുന്നില്ല. മറ്റൊരു വിദ്യാർത്ഥിയായ സൗമിത്ര ബിശ്വാസിനെ 2001ൽ ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ഈ മരണവും ആത്മഹത്യയായി കണക്കാക്കി. ഹോസ്റ്റൽ മുറികളിൽ അശ്ലീല വീഡിയോകൾ ചിത്രീകരിക്കാൻ ലൈംഗികത്തൊഴിലാളികളെ കൊണ്ടുവന്ന വിദ്യാർഥികളുടെയും ആശുപത്രി ജീവനക്കാരുടെയും റാക്കറ്റിനെതിരെ പ്രതിഷേധിച്ചതിനാണ് ബിശ്വാസിന്റെ മരണത്തിന് പിന്നിലെന്ന് നേരത്തേ ആരോപണമുയർന്നിരുന്നു. എന്നാൽ ഈ വഴിക്ക് കേസ് അന്വേഷണം പോയില്ലെന്നാണ് ആരോപണം. ട്രെയിനി ഡോക്ടറുടെ ബലാത്സംഗ കൊലപാതക കേസിലെ വിധിക്കൊപ്പം ഈ സംഭവങ്ങളിലും എന്തെങ്കിലും നടപടി ഉണ്ടാകുമോയെന്നത് കണ്ടറിയണം.