ഒഡിഷയിൽ സിമന്റ് ഫാക്ടറിയിലെ കോൾ ഹോപ്പർ തകർന്ന് അപകടം, നിരവധിപേർ കുടുങ്ങി, 64 പേരെ രക്ഷപ്പെടുത്തി
ഭുബനേശ്വർ: ഒഡീഷയിലെ സുന്ദർഗഡ് ജില്ലയിൽ വ്യാഴാഴ്ച രാത്രി സിമൻ്റ് ഫാക്ടറിയിലെ കോൾ ഹോപ്പർ തകർന്നുവീണ് നിരവധി തൊഴിലാളികൾ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്. രാജ്ഗംഗ്പൂർ പ്രദേശത്തുള്ള ഡാൽമിയ സിമൻ്റ് (ഭാരത്) ലിമിറ്റഡിലാണ് സംഭവമെന്ന് എഎൻഐ റിപ്പോർട്ട് ചെയ്തു. വിവരം ലഭിച്ചയുടൻ പൊലീസും രക്ഷാപ്രവർത്തകരും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. കുടുങ്ങിക്കിടന്ന 64 പേരെ രക്ഷപ്പെടുത്തിയെന്നും മൂന്ന് പേരെ രക്ഷപ്പെടുത്താനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും പറയുന്നു. ഇരുമ്പ് കൊണ്ട് നിർമിച്ച കൂറ്റൻ ഘടനയാണ് കോൾ ഹോപ്പർ.
സംഭവത്തിൽ ചില നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് സുന്ദർഗഡ് എംഎൽഎ രാജെൻ എക്ക പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ഫാക്ടറി മാനേജർ, ഷിഫ്റ്റ് ഇൻചാർജ്, സേഫ്റ്റി ഇൻചാർജ് എന്നിവരുൾപ്പെടെ നിരവധി ഫാക്ടറി ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. കൽക്കരി ബോയിലറുകളിലേക്ക് കൊണ്ടുപോകുന്നതിന് മുമ്പ് സൂക്ഷിക്കുന്നതാണ് കോൾ ഹോപ്പർ.