ട്രെക്ക് ഇടിച്ചതിന് പിന്നാലെ ബസിലേക്ക് ഇടിച്ച് കയറി മിനിവാൻ, മഹാരാഷ്ട്രയിൽ 9 പേർ കൊല്ലപ്പെട്ടു
നാരായൺഗാവ്; നിർത്തിയിട്ടിരുന്ന ബസിലേക്ക് മിനിവാൻ ഇടിച്ച് കയറി 9 പേർ കൊല്ലപ്പെട്ടു. മഹാരാഷ്ട്രയിൽ പൂനെ നാസിക് ദേശീയപാതയിൽ നാരായൺ ഗാവിന് സമീപത്ത് വച്ചുണ്ടായ അപകടത്തിലാണ് 9 പേർ കൊല്ലപ്പെടുകയും നിരവധിപ്പേർക്ക് പരിക്ക് ഏൽക്കുകയും ചെയ്തത്. വെളളിയാഴ്ചയാണ് അപകടമുണ്ടായത്. മിനി വാനിൽ പുറകിൽ ട്രക്ക് ഇടിക്കുകയായിരുന്നു. ഇതിന് പിന്നാലെ മിനിവാൻ നിർത്തിയിട്ടിരുന്ന ബസിലേക്ക് ഇടിച്ച് കയറുകയായിരുന്നു. നാലു സ്ത്രീയും നാലു പുരുഷനും ഒരു കുട്ടിയുമാണ് മരിച്ചത്. ഇന്ന് രാവിലെ 10 മണിയോടെയാണ് സംഭവം.പരിക്കേറ്റവരെ നാട്ടുകാരുടെ കൂടെ സഹായത്തോടെയാണ് ആശുപത്രിയിലേക്ക് എത്തിച്ചത്. ബസിന്റെ പിന്നിൽ വലത് ഭാഗത്തായാണ് മിനിവാൻ ഇടിച്ച് കയറിയത്. മഹാരാഷ്ട്ര ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ ബസിലേക്കാണ് മിനിവാൻ ഇടിച്ച് കയറിയത്. മിനിവാനിലുണ്ടായിരുന്ന യാത്രക്കാരാണ് അപകടത്തിൽ കൊല്ലപ്പെട്ടിട്ടുള്ളത്. പൂർണമായും തകർന്ന നിലയിലാണ് മിനിവാനുള്ളത്. മരിച്ചവരിൽ രണ്ട് പേരെ ഇതിനോടകം തിരിച്ചറിയാൻ സാധിച്ചതായാണ് വിവരം.