Uncategorized

കോഴിക്കോട് എം.ഡി.എം.എയുമായി യുവാവ് പിടിയിൽ; കണ്ടെത്തിയത് വീട് കേന്ദ്രീകരിച്ച് വില്പനയ്ക്കായി സൂക്ഷിച്ച നിലയിൽ

കോഴിക്കോട് മണിയൂരിൽ വീട് കേന്ദ്രീകരിച്ച് വില്പനയ്ക്കായി സൂക്ഷിച്ച എം.ഡി.എം.എയുമായി യുവാവ് പിടിയിൽ. മണിയൂർ തുറശ്ശേരിക്കടവ് സ്വദേശി മുഹമ്മദ് ഇർഫാനെയാണ് വടകര ഡാൻസാഫ് സ്ക്വാഡും പൊലീസും ചേർന്ന് പിടികൂടിയത്. ഇയാളിൽ നിന്ന് പതിമൂന്നര ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു.

മണിയൂർ തുറശ്ശേരിക്കടവ് പാലയാട് തെക്കേ നെല്ലിക്കുന്നുമ്മൽ മുഹമ്മദ് ഇർഫാൻ എന്ന ഇരുപത്തിയാറുകാരനാണ് പോലീസിന്റെ വലയിലായത്. ഇയാളുടെ വീട്ടിൽ ലഹരിമരുന്ന് സൂക്ഷിച്ചിട്ടുണ്ടെന്ന് കോഴിക്കോട് റൂറൽ ജില്ലാ പോലീസ് മേധാവി ടി. ഫറാഷിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നാർക്കോട്ടിക്ക് സെൽ ഡി.വൈ.എസ്.പി ഉത്തംദാസിന്റെ നേതൃത്വത്തിലുള്ള ജില്ലാ ഡാൻസാഫ് സ്ക്വാഡ് കഴിഞ്ഞ ദിവസം രാത്രി ഒൻപത് മണിയോടെ മുഹമ്മദ് ഇർഫാന്റെ വീട്ടിൽ മിന്നൽ പരിശോധന നടത്തുകയായിരുന്നു.പരിശോധനയിൽ പ്രതിയുടെ പേഴ്സിൽ ഒളിപ്പിച്ച നിലയിലാണ് 13.56 ഗ്രാം എം.ഡി.എം.എ കണ്ടെത്തിയത്. പിടിയിലായ മുഹമ്മദ് ഇർഫാൻ മുൻപും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്. കഴിഞ്ഞ ഒരു വർഷത്തിനിടെ മാത്രം ലഹരിമരുന്ന് കടത്തിയതിന് മൂന്ന് തവണയാണ് ഇയാൾ പോലീസിന്റെ പിടിയിലായിട്ടുള്ളത്.

ജാമ്യത്തിലിറങ്ങി വീണ്ടും സമാനമായ രീതിയിൽ ലഹരി കച്ചവടം തുടരുകയായിരുന്നു ഇയാളെന്ന് പോലീസ് പറഞ്ഞു. ഡാൻസാഫ് എസ്‌.ഐമാരായ വിനീത് വിജയൻ, രാമത്ത് മനോജ്‌കുമാർ, എ.എസ്.ഐമാരായ വി.വി. ഷാജി, സുനിൽകുമാർ, സി.പി.ഒമാരായ ടി.കെ. ശോഭിത്ത്, അഗിലേഷ്, അനൂപ്സെൻ, അനുഷ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ വലയിലാക്കിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button