സെയ്ഫ് അലിഖാന്റെ ആരോഗ്യനില മെച്ചപ്പെട്ടു; പ്രതിക്കായി 20 സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം
ബോളിവുഡ് നടൻ സെയ്ഫ് അലിഖാന് കുത്തേറ്റ സംഭവത്തിൽ അന്വേഷണ സംഘം വിപുലീകരിച്ചു. 20 സംഘങ്ങളായി തിരിഞ്ഞ് പൊലീസ് അന്വേഷണം നടത്തും. അക്രമത്തിന് ശേഷം പ്രതി രക്ഷപ്പെടുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസ് ഇന്നലെ പുറത്തുവിട്ടിരുന്നു.
മുംബൈ ലീലാവതി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന നടന്റെ ആരോഗ്യനില മെച്ചപ്പെട്ടു. ദിവസങ്ങൾക്കുള്ളിൽ ആശുപത്രി വിടാൻ ആകും എന്നാണ് പ്രതീക്ഷ . ഇന്നലെ നട്ടെല്ലിന്റെ ഭാഗത്ത് ശസ്ത്രക്രിയ നടത്തിയിരുന്നു. കത്തിയുടെ ഭാഗം നീക്കം ചെയ്തു. മറ്റു പരിക്കുകളിൽ പ്ലാസ്റ്റിക് സർജറി അടക്കം പൂർത്തിയായിട്ടുണ്ട്. സംസ്ഥാനത്തിന് പുറത്ത് അന്വേഷണം നടത്തും. അതേസമയം പ്രതിയെക്കുറിച്ച് സൂചന ലഭിക്കുന്ന പൊതുജനങ്ങൾക്കും അറിയിക്കാമെന്ന് പൊലീസ് അറിയിച്ചു.
മോഷണ ശ്രമത്തിനിടെയാണ് ആക്രമണം നടന്നതെന്ന് സയ്ഫ് അലിഖാന്റെ മക്കളുടെ കാര്യങ്ങൾ നോക്കുന്ന മലയാളി നേഴ്സ് ഏലിയമ്മ ഫിലിപ്പ് പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. ഇവരാണ് പ്രതിയെ ആദ്യം കാണുന്നതും നേരിട്ടതും. നടന്റെ ഇളയ മകനെ ആക്രമിക്കാൻ പ്രതി ശ്രമിച്ചു. ചെറുക്കാൻ ശ്രമിച്ചതോടെയാണ് താനും ആക്രമിക്കപ്പെട്ടത്. എന്താണ് വേണ്ടതെന്ന് ചോദിച്ചപ്പോൾ പണം എന്നു പറഞ്ഞു.എത്ര വേണമെന്ന് ചോദിച്ചപ്പോൾ ഒരു കോടി എന്നും പ്രതി പറഞ്ഞതായി ഏലിയാമ്മ മൊഴിനൽകി.
പ്രതിയെ കണ്ടാൽ തിരിച്ചറിയുമെന്നും ഏലിയാമ്മ പറഞ്ഞു.