സ്റ്റാര്‍ഷിപ്പ് ഏഴാം പരീക്ഷണത്തിന് നാടകീയാന്ത്യം; ബൂസ്റ്റര്‍ യന്ത്രകൈ പിടികൂടി, മുകള്‍ ഭാഗം പൊട്ടിത്തെറിച്ചു
ടെക്സസ്: അമേരിക്കന്‍ സ്വകാര്യ ബഹിരാകാശ വിക്ഷേപണ കമ്പനിയായ സ്പേസ് എക്സിന്റെ സ്റ്റാര്‍ഷിപ്പ് മെഗാ റോക്കറ്റിന്റെ ഏഴാം പരീക്ഷണം ഭാഗിക വിജയം. സ്റ്റാര്‍ഷിപ്പിന്റെ ഭീമാകാരന്‍ ബൂസ്റ്റര്‍ ഘട്ടത്തെ സ്പേസ് എക്സ് രണ്ടാമതും യന്ത്രക്കൈയില്‍ (മെക്കാസില്ല) തിരിച്ചെടുത്തപ്പോള്‍ റോക്കറ്റിന്റെ മുകള്‍ ഭാഗം അന്തരീക്ഷത്തില്‍ ചിന്നിച്ചിതറി.
ശാസ്ത്ര ലോകം ആകാംക്ഷയോടെ കാത്തിരുന്ന സ്റ്റാര്‍ഷിപ്പ് ഏഴാം പരീക്ഷണം നാടകീയമായി പര്യവസാനിച്ചു. ടെക്സസിലെ സ്പേസ് എക്സിന്റെ ബൊക്കാ ചിക്ക വിക്ഷേപണ കേന്ദ്രത്തില്‍ നിന്ന് ഈസ്റ്റേണ്‍ സമയം വൈകിട്ട് 5.38നാണ് സ്റ്റാര്‍ഷിപ്പ് മെഗാ റോക്കറ്റ് കുതിച്ചുയര്‍ന്നത്. സ്റ്റാര്‍ഷിപ്പിന്റെ 2025ലെ ആദ്യ പരീക്ഷണം കൂടിയായിരുന്നു ഇത്. വിക്ഷേപണത്തിന് മിനിറ്റുകള്‍ക്ക് ശേഷം 20 നില കെട്ടിടത്തില്‍ ഉയരമുള്ള ബൂസ്റ്റര്‍ ഭാഗം മൊക്കാസില്ല എന്ന യന്ത്രകൈ പിടിച്ചെടുത്ത് വീണ്ടും ചരിത്രം കുറിച്ചു. എന്നാല്‍ വിക്ഷേപണത്തിന് എട്ട് മിനിറ്റിന് ശേഷം റോക്കറ്റിന്റെ മുകള്‍ ഭാഗമായുള്ള (ഷിപ്പ്) ബന്ധം കണ്ട്രോള് റൂമിന് നഷ്ടമാവുകയും സ്റ്റാര്‍ഷിപ്പ് പൊട്ടിച്ചിതറുകയുമായിരുന്നു.