Uncategorized

ബ്രൂവറി അഴിമതി ആരോപണം കടുപ്പിക്കാൻ പ്രതിപക്ഷം, സർക്കാർ നടപടിയിൽ കൂടുതൽ വെളിപ്പെടുത്തൽ സഭയിലെന്ന് വി ഡി സതീശൻ

കോഴിക്കോട്: സംസ്ഥാനത്ത് ബ്രൂവറി തുടങ്ങാന്‍ ഒയാസിസ് കൊമേഴ്സ്യല്‍ പ്രൈവറ്റ് ലിമിറ്റഡിന് അനുമതി നല്‍കിയ സർക്കാർ നടപടിയിലെ പൊരുത്തക്കേടുകളിൽ കൂടുതൽ വെളിപ്പെടുത്തൽ സഭയിൽ നടത്തുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. വിഷയത്തിൽ സഭയിൽ പ്രതിഷേധം ഉയർത്തുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ഒരു ചട്ടവും പാലിക്കാതെയാണ് പാലക്കാട്ട് ബ്രൂവറി തുടങ്ങാൻ കമ്പനിക്ക് അനുമതി നൽകിയത്. ചർച്ചയോ, ടെണ്ടർ അടക്കമുള്ള നടപടിയോ ഉണ്ടായില്ല. എന്ത്‌ മാനദണ്ഡത്തിലാണ് കമ്പനിയെ തെരെഞ്ഞെടുത്തതെന്നും സതീശൻ ചോദിച്ചു. മനുഷ്യ വന്യമൃഗ സംഘർഷം പ്രതിപക്ഷം സഭയിൽ ഉയത്തും. ജനരോഷം ഭയന്നാണ് മുഖ്യമന്ത്രി വനഭേദഗതി നിയമം മാറ്റി വെച്ചത്. നിയമസഭയിൽ പിണറായി സർക്കാറിനെതിരെ ഉന്നയിക്കാൻ വിഷയങ്ങൾ ഏറെയുണ്ട്. വിലക്കയറ്റം, അഴിമതി, ദൂർത്ത്, പോലീസ് വീഴ്ചകൾ അടക്കം സഭയിൽ ഉയർത്തുമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.

സംസ്ഥാനത്ത് ബ്രൂവറി തുടങ്ങാന്‍ ഒയാസിസ് കൊമേഴ്സ്യല്‍ പ്രൈവറ്റ് ലിമിറ്റഡിന് അനുമതി നല്‍കിയ മന്ത്രിസഭാ തീരുമാനമാണ് വിവാദത്തിലായത്. ഒരു കമ്പനിക്ക് മാത്രം അനുമതി നല്‍കിയതിന്‍റെ മാനദണ്ഡം സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും വന്‍ അഴിമതിക്കാണ് കളമൊരുങ്ങുന്നതെന്നുമാണ് പ്രതിപക്ഷം ആരോപിക്കുന്നത്. കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭാ യോഗമാണ് പാലക്കാട് ജില്ലയിലെ കഞ്ചിക്കോട് ബ്രൂവറി തുടങ്ങാന്‍ പ്രാരംഭ അനുമതി നല്‍കിയത്. മധ്യപ്രദേശിലെ ഇന്‍ഡോര്‍ ആസ്ഥാനമായ ഒയാസിസ് കൊമേഴ്സ്യല്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്കാണ് നിലവിലെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്ന നിബന്ധനയോടെയുള്ള അനുമതി. എന്നാല്‍ എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് സര്‍ക്കാര്‍ തീരുമാനമെന്ന് എക്സൈസ് മന്ത്രി പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ച കമ്പനിക്കാണ് ടെന്‍ഡന്‍ നല്‍കിയത്. പ്രതിപക്ഷത്തിന്‍റെ ആരോപണങ്ങള്‍ സ്വാഭാവികമെന്ന് പറഞ്ഞ് തളളുകയാണ് മന്ത്രി എം.ബി രാജേഷ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button