Uncategorized

പണിതുടങ്ങി വിജയ്; സ്കൂൾ പരിസരങ്ങളിലെ മദ്യശാലകൾ അടച്ചുപൂട്ടാൻ ഉത്തരവിട്ടു

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌ത്‌ അധികാരമേറ്റതിന് പിന്നാലെ ഭരണപരമായ കാര്യങ്ങളിൽ ആദ്യ ഉത്തരവ് പുറപ്പെടുവിച്ച് മുഖ്യമന്ത്രി വിജയ്. തമിഴ്‌നാട്ടിലുടനീളമുള്ള ആരാധനാലയങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ബസ്റ്റ് സ്റ്റാൻറുകൾ എന്നിവക്ക് സമീപം പ്രവർത്തിക്കുന്ന 717 തമിഴ്‌നാട് സ്റ്റേറ്റ് മാർക്കറ്റിങ് കോർപറേഷൻ മദ്യശാലകൾ അടച്ചുപൂട്ടാൻ മുഖ്യമന്ത്രി ഉത്തരവ് നൽകി. ക്ഷേത്രങ്ങൾ, പള്ളികൾ, ചർച്ചുകൾ, കോളജുകൾ എന്നിവയുടെ 500 മീറ്റർ ചുറ്റളവിൽ പ്രവർത്തിക്കുന്ന മദ്യശാലകൾ അടച്ചുപൂട്ടാനാണ് ഉത്തരവ്. രണ്ടാഴ്ചക്കകം ഒഴിഞ്ഞുപോകണമെന്നും ഉടമകളോട് സർക്കാർ ആവശ്യപ്പെടും.

നിലവിൽ 4,765 സ്റ്റേറ്റ് മാർക്കറ്റിങ് കോർപറേഷൻ മദ്യശാലകളാണ് സംസ്ഥാനത്തുള്ളത്. അടച്ചുപൂട്ടാൻ നിർദേശം നൽകിയ 717 മദ്യശാലകളിൽ 276 എണ്ണം ആരാധനാലയങ്ങളുടെ പരിസരത്ത് സ്ഥിതി ചെയ്യുന്നവയാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സമീപം 186 ഉം, ബസ് സ്റ്റാൻറുകൾക്ക് സമീപം 255 മദ്യശാലകളുമാണുള്ളത്.
വിദ്യാഭ്യാസ സ്ഥാപനങ്ങളുടേയും ആരാധനാലയങ്ങളുടേയും പരിസരത്തുള്ള മദ്യശാലകൾ അടച്ചുപൂട്ടാനുള്ള ഉത്തരവ് വിജയ് സർക്കാർ അധികാരമേറ്റതിന് പിന്നാലെയുള്ള ശ്രദ്ധേയമായ നീക്കമാണെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ പക്ഷം. പൊതുയിടങ്ങളിലും വിദ്യാർത്ഥികൾക്കിടയിലും മദ്യപാനം മൂലമുള്ള അതിക്രമങ്ങളും ക്രിമിനൽ കേസുകളും കുറക്കാൻ ഒരു പരിധിവരെ ഈ നീക്കം പ്രയോജനം ചെയ്യുമെന്ന കണക്കുകൂട്ടലിലാണ് സർക്കാർ.

ഞായറാഴ്‌ചയാണ് തമിഴ്‌നാട് മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തത്. തെരഞ്ഞെടുപ്പിൽ വിജയിയുടെ നേതൃത്വത്തിലുള്ള തമിഴക വെട്രി കഴകം അവിശ്വസനീയമായ പ്രകടനം നടത്തി ഒറ്റകക്ഷിയായി ജയിച്ചുകയറുകയായിരുന്നു. കോൺഗ്രസ്, ഇടതുപക്ഷ പാർട്ടികൾ, വിസികെ, മുസ്ലിം ലീഗ് അടക്കമുള്ള പാർട്ടികളുടെ പിന്തുണയോടെയാണ് ടിവികെ സർക്കാർ രൂപീകരിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button