‘വിവരാവകാശ അപേക്ഷകളിൽ 30 ദിവസം കഴിഞ്ഞ് മറുപടി നല്‍കിയാൽ മതിയെന്ന ധാരണ തെറ്റ്’
കൽപ്പറ്റ: വിവരാവകാശ നിയമം സര്‍ക്കാരിലേക്ക് പണം വരുത്താനുള്ള മാര്‍ഗമായി ഉദ്യോഗസ്ഥര്‍ കാണരുതെന്ന് വിവരാവകാശ കമ്മീഷണര്‍ അബ്‍ദുൾ ഹക്കീം. സംസ്ഥാന വിവരാവകാശ കമ്മീഷന്റെ നേതൃത്വത്തില്‍ മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി താലൂക്കുകളിലെ അപ്പ്ലറ്റ് അതോറിറ്റി, എസ്പിഒ ഉദ്യോഗസ്ഥര്‍ക്കായി നടത്തിയ ഏകദിന ശില്‍പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആര്‍ടി ഐ നിയമപ്രകാരം വിവരം നല്‍കാന്‍ ഓഫീസര്‍മാര്‍ നിര്‍ദ്ദേശിച്ചാല്‍ അവ നല്‍കാത്ത സഹകരണ സ്ഥാപനങ്ങളിലും സ്വകാര്യ സംരംഭങ്ങളിലും ഉദ്യോഗസ്ഥര്‍ നേരിട്ടെത്തി രേഖകള്‍ പിടിച്ചെടുക്കണം. വിവരാവകാശ അപേക്ഷകളില്‍ 30 ദിവസം കഴിഞ്ഞ് മറുപടി നല്‍കിയാല്‍ മതിയെന്ന ധാരണ തെറ്റാണ്. ജീവനും സ്വാതന്ത്ര്യവുമായി ബന്ധമുണ്ടെങ്കില്‍ വിവരം 48 മണിക്കുനിനകം നല്‍കണം. മറ്റ് അപേക്ഷകളില്‍ അഞ്ച് ദിവസത്തിനകം നടപടി ആരംഭിച്ചിരിക്കണം.
സര്‍ക്കാരിലെ മുഴുവന്‍ കാര്യങ്ങളും വിവരാവകാശ നിയമപ്രകാരം പുറത്തു നല്‍കേണ്ടതില്ല. വിവരങ്ങള്‍ വിലക്കപ്പെട്ടവയും നിയന്ത്രിക്കപ്പെട്ടവയുമുണ്ട്. അവകൂടി പരിഗണിച്ചുവേണം വിവരാധികാരികള്‍ പ്രവര്‍ത്തിക്കാന്‍. അതിനുള്ള നിയന്ത്രണോപാധിയായി വിവരാവകാശ നിയമത്തെ ഫലപ്രദമായി ഉപയോഗിക്കണം. അതേസമയം ഏത് സര്‍ക്കാര്‍ ഓഫീസിലെയും ഫയലുകള്‍ പരിശോധിക്കാന്‍ പൗരന് അവകാശമുണ്ട്. അതുവഴി ഈ നിയമത്തിലൂടെ ജനങ്ങള്‍ ജനാധിപത്യത്തിന്റെ അഞ്ചാം സ്തംഭമായിവളര്‍ന്നു. വിവരാവകാശ നിയമ പ്രകാരം അപേക്ഷ നല്‍കുന്ന പൗരന് വിവരം ലഭ്യമാക്കാനും സര്‍ക്കാര്‍ ഭരണ സംവിധാനങ്ങള്‍ ശക്തിപ്പെടുത്താനും ജനപക്ഷത്ത് നിന്നും പൗരന് വിവരങ്ങള്‍ ലഭ്യമാക്കാന്‍ ഉദ്യോഗസ്ഥര്‍ ബാധ്യസ്ഥതരാണ്. പൗരന്റെ അപേക്ഷയില്‍ വിവരങ്ങള്‍ നല്‍കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ ശിക്ഷാ നടപടിക്കുള്ള അധികാരം വിവരാവകാശ കമ്മീഷനില്‍ നിക്ഷിപ്തമാണെന്നും കമ്മീഷണര്‍ അറിയിച്ചു.
വിവരാവകാശ നിയമം സംരക്ഷിക്കാന്‍ ഉദ്യോഗസ്ഥര്‍ നിരന്തരം ഇടപെടല്‍ നടത്തണം. സാധാരണക്കാരന്‍റെ പ്രശ്ന പരിഹാരത്തിനുള്ള പ്രഥമ മാര്‍ഗ്ഗമാണ് വിവരാവകാശ നിയമ പ്രകാരമുള്ള ആവശ്യപ്പെടല്‍. വിവരാവകാശ നിയമത്തിന്‍റെ പ്രയോക്താക്കള്‍ പൊതുജനങ്ങളാണ്. ഭരണത്തിന്‍റെ ചാലകശക്തികളെ നിയന്ത്രിക്കാന്‍ പൗരന് സാധിക്കുമെന്നും വിവരാവകാശ നിയമ പ്രകാരം പൗരന്‍ അപേക്ഷ നല്‍കിയാല്‍ ഉദ്യോഗസ്ഥര്‍ ജാഗ്രതയോടെ മറുപടി നല്‍കണം.
സര്‍ക്കാര്‍ ഓഫീസുകളിലെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കേണ്ടതല്ലെന്നും പൗരന്‍ ആവശ്യപ്പെടുന്ന വിവരങ്ങള്‍ ബന്ധപ്പെട്ട ഓഫീസില്‍ ലഭ്യമാണെങ്കില്‍ വിവരം കൈമാറാന്‍ ഉദ്യോഗസ്ഥര്‍ക്ക് കഴിയണമെന്ന് കമ്മീഷണര്‍ ടി കെ രാമക്യഷണന്‍ വ്യക്തമാക്കി. ജനങ്ങളുടെ മൗലിക അവകാശത്തിന് ഉദ്യോഗസ്ഥര്‍ സുതാര്യത ഉറപ്പാക്കണം. വിവരാവകാശ നിയമം സെക്ഷന്‍ 31 പ്രകാരം അപേക്ഷകന് വിവരം നിഷേധിച്ചാലും തെറ്റായ വിവരം നല്‍കിയാലും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ കമ്മീഷന്‍ ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്നും കമ്മീഷണര്‍ പരിശീലനത്തില്‍ അറിയിച്ചു.
വിവരാവകാശ നിയമ പ്രകാരം ഓഫീസുകളില്‍ ലഭിക്കുന്ന അപേക്ഷകളില്‍ വിവരം ലഭ്യമല്ല, ഓഫീസില്‍ രേഖയില്ലെന്ന മറുപടി നല്‍കാന്‍ കഴിയില്ല. പരിശീലന പരിപാടിയില്‍ വിവിധ ഓഫീസുകളിലെ അപ്പ്ലറ്റ് അതോറിറ്റി, സ്റ്റേറ്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍മാരുമായി കമ്മീഷന്‍ മുഖാമുഖം നടത്തി. സുല്‍ത്താന്‍ ബത്തേരി സെറ്റ്‌കോസ് ഹാളില്‍ സംഘടിപ്പിച്ച പരിശീലന പരിപാടിയില്‍ എഡിഎം കെ ദേവകി, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പി റഷീദ് ബാബു, സുല്‍ത്താന്‍ ബത്തേരി തഹസില്‍ദാര്‍ എം എസ് ശിവദാസന്‍ എന്നിവര്‍ സംസാരിച്ചു. കല്‍പ്പറ്റ താലൂക്കിലെ അപ്പ്ലറ്റ് അതോറിറ്റി, എസ്പിഒ ഉദ്യോഗസ്ഥര്‍ക്ക് ഇന്ന് (ജനുവരി 16) ഉച്ചക്ക് 1.30 മുതല്‍ പുത്തൂര്‍ വയല്‍ സ്വാമിനാഥന്‍ ഹാളില്‍ ഏകദിന ശില്‍പശാലസംഘടിപ്പിക്കും.