Uncategorized

വിസ്മയമായി വിസ്മയങ്ങള്‍; തളിപ്പറമ്പും പയ്യന്നൂരും അമ്പലപ്പുഴയും ഇടതിന് പിഴച്ചതെവിടെ?

വാദ പ്രതിവാദങ്ങള്‍ ഒട്ടേറെയുണ്ടായ തെരഞ്ഞെടുപ്പായിരുന്നു ഇത്തവണത്തേത്. യുഡിഎഫ് തരംഗം ആഞ്ഞടിച്ചപ്പോള്‍ എല്‍ഡിഎഫിന് പതറിയത് എവിടെയാണ്. പത്ത് വര്‍ഷം കേരളം ഭരിച്ച ഇടതുപക്ഷത്തിന് വിമതര്‍ക്കിടയിലും കാലിടറി. തളിപ്പറമ്പിലും പയ്യന്നൂരും അമ്പലപ്പുഴയും കേട്ട വിമത ശബ്ദങ്ങള്‍ സിപിഐഎമ്മിന് വലിയ തിരിച്ചടിയാണ് നല്‍കിയത്.

ജി. സുധാകരന്‍ എന്ന വന്‍മരം

ഇക്കുറി തെരഞ്ഞെടുപ്പ് ചൂടിലേക്ക് കടക്കുമ്പോള്‍ ആദ്യം കേട്ട വിമത ശബ്ദങ്ങളില്‍ ഒന്ന് ജി സുധാകരന്റേതായിരുന്നു. സിപിഐഎമ്മിന്റെ തലമുതിര്‍ന്ന നേതാവായ ജി. സുധാകരനും അമ്പലപ്പുഴയിലെ പാര്‍ട്ടി നേതൃത്വവും തമ്മുള്ള തര്‍ക്കം ഏറെ നാളായി നിലനില്‍ക്കുന്നതാണ്. ഇതിന് പിന്നാലെയാണ് എംവി ഗോവിന്ദന്‍ തന്നെ പരിഹസിച്ചുവെന്ന് ആരോപണവുമായി ജി സുധാകരന്‍ രംഗത്തെത്തിയത്. താന്‍ ഇനി മുതല്‍ പാര്‍ട്ടിയില്‍ അംഗത്വമെടുക്കുന്നില്ലെന്നും സിപിഐഎം അനുഭാവിയായി തുടരുമെന്നും പ്രഖ്യാപിച്ച ജി സുധാകരന്‍ കളം മാറ്റുന്ന കാഴ്ചയാണ് പിന്നെ കണ്ടത്.

ഏറെ വൈകിയില്ല, ജി സുധാകരന്‍ അമ്പലപ്പുഴയില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചു. സിപിഐഎമ്മുമായുള്ള പൊക്കിള്‍ക്കൊടി ബന്ധം അവസാനിപ്പിച്ചു. പിന്നാലെ സുധാകരനെ അമ്പലപ്പുഴയില്‍ യുഡിഎഫ് പിന്തുണയും പ്രഖ്യാപിച്ചു. അപ്പോഴും എച്ച് സലാമിനെതിരെ വാക്ക് ശരങ്ങള്‍ കൊണ്ടും വിമര്‍ശനങ്ങള്‍ കൊണ്ടും ജി സുധാകരന്‍ വീണ്ടും വളഞ്ഞിട്ടാക്രമിച്ചു. ജി സുധാകരനെതിരായ സിപിഐഎമ്മിന്റെ പ്രതിരോധങ്ങളെല്ലാം തകര്‍ന്നു പോയ കാഴ്ചയാണ് തെരഞ്ഞെടുപ്പ് ഫലം മുന്നോട്ട് വയ്ക്കുന്നത്. സിപിഐഎമ്മിന് പിഴച്ചത് എച്ച് സലാമിന്റെ സ്ഥാനാര്‍ഥിത്വത്തിലോ സുധാകരനെ ചേര്‍ത്തു പിടിക്കാത്തതിലോ ? രണ്ടായാലും അമ്പലപ്പുഴയില്‍ പുനര്‍വിചിന്തനം അത്യാവശ്യമാണ്.

ടി. കെ. ഗോവിന്ദന്‍- പാര്‍ട്ടി അവഗണിച്ച വിമത ശബ്ദം

തളിപ്പറമ്പില്‍ എംവി ഗോവിന്ദന്റെ ഭാര്യയും സിപിഐഎം നേതാവുമായ പികെ ശ്യാമളയെ സ്ഥാനാര്‍ഥിയാക്കിയതില്‍ എതിര്‍പ്പ് അറിയിച്ചുകൊണ്ടായിരുന്നു ടി കെ ഗോവിന്ദന്‍ ആദ്യമായി വിമത ശബ്ദം ഉയര്‍ത്തി വാര്‍ത്താസമ്മേളനം വിളിച്ചത്. പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിയായ എംവി ഗോവിന്ദന്‍ മത്സര രംഗത്ത് നിന്ന് മാറി നില്‍ക്കുമ്പോള്‍ ഭാര്യയെ ആ മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയാക്കുന്നതിലായിരുന്നു ടികെ ഗോവിന്ദന്‍ എതിര്‍പ്പ് അറിയിച്ചത്. മുതിര്‍ന്ന നേതാക്കളെ സ്ഥാനാര്‍ഥിയാക്കാതെ പികെ ശ്യാമളയെ പരിഗണിച്ചുവെന്നായിരുന്നു ടികെ ഗോവിന്ദന്റെ ആരോപണം. എന്നാല്‍ ടികെ ഗോവിന്ദന്റെ ആരോപണത്തെ പാര്‍ട്ടി ഗൗനിച്ചില്ല. പികെ ശ്യാമളയുടെ സ്ഥാനാര്‍ഥിത്വത്തില്‍ പ്രശ്‌നമില്ലെന്നും അത് ശരിയായിരുന്നുവെന്നുമായിരുന്നു എംവി ഗോവിന്ദന്‍ അടക്കമുള്ളവരുടെ പ്രതികരണം.

ടികെ ഗോവിന്ദനെതിരെ അദ്ദേഹത്തിന്റെ മകന്റെ ഭാര്യ അടക്കുള്ളവര്‍ തെരുവില്‍ പ്രകടനങ്ങള്‍ നടത്തുകയും ടികെ ഗോവിന്ദന്‍ പാര്‍ട്ടിയെ വഞ്ചിച്ചുവെന്നും പറഞ്ഞു. എന്നാല്‍ ഇതിന് പിന്നാലെ അദ്ദേഹം തളിപ്പറമ്പില്‍ സ്വതന്ത്രനായി മത്സരിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇതിന് പിന്നാലെ ടികെ ഗോവിന്ദനെ തളിപ്പറമ്പില്‍ പിന്തുണയ്ക്കാന്‍ യുഡിഎഫ് എടുത്ത തീരുമാനം ശരിയാണെന്ന് തെളിയിക്കുന്നതാണ് പുറത്തുവരുന്ന ഫലം.

വി. കുഞ്ഞികൃഷ്ണനായിരുന്നോ ശരി?

ധനരാജ് രക്തസാക്ഷി ഫണ്ടിലെ ക്രമക്കേട് ആരോപണം ഉന്നയിച്ചുകൊണ്ടാണ് വി കുഞ്ഞികൃഷ്ണന്‍ ആദ്യം പാര്‍ട്ടിക്കെതിരെ രംഗത്തെത്തുന്നത്. എന്നാല്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെകെ രാഗേഷും മുതിര്‍ന്ന സിപിഐഎം നേതാവ് എംവി ജയരാജനും ക്രമക്കേട് ആരോപണങ്ങളെ പാടെ തള്ളിക്കളയുന്ന കാഴ്ചയാണ് ഉണ്ടായത്. പയ്യന്നൂര്‍ എംഎല്‍എയായ ടിഐ മധുസൂദനനെതിരെയായിരുന്നു വി കുഞ്ഞികൃഷ്ണന്‍ ആരോപണമുന്നയിച്ചത്. ടിഐ മധുസൂദനന്‍ രണ്ടാം വട്ടവും സ്ഥാനാര്‍ഥിയാവാനുള്ള തയ്യാറെടുപ്പുകള്‍ക്കിടെയാണ് മുന്‍ ഏരിയ സെക്രട്ടറിയും കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗവുമായി വി കുഞ്ഞികൃഷ്ണന്‍ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയത്.

ആരോപണ വിധേയനായ ടിഐ മധുസൂദനന്‍ വീണ്ടും മത്സരിക്കാന്‍ ഇറങ്ങിയാല്‍ ശക്തമായ നിലപാട് സ്വീകരിക്കുമെന്നായിരുന്നു വി കുഞ്ഞികൃഷ്ണന്‍ വ്യക്തമാക്കിയത്. എന്നാല്‍ വി കുഞ്ഞികൃഷ്ണന്‍ ഉന്നയിച്ച തട്ടിപ്പ് ആരോപങ്ങളെ കാറ്റില്‍പ്പറത്തി പാര്‍ട്ടി ടി ഐ മധുസൂദനനെ തന്നെ സ്ഥാനാര്‍ഥിയാക്കി. അതോടെ വി കുഞ്ഞികൃഷ്ണന്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കാന്‍ തീരുമാനിച്ചു. ഇതോടെ പയ്യന്നൂരില്‍ വി കുഞ്ഞികൃഷ്ണന് യുഡിഎഫ് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. ഇപ്പോള്‍ വിജയത്തിന് തൊട്ടരികെയാണ് വി കുഞ്ഞികൃഷ്ണന്‍.

ഇക്കൂട്ടത്തില്‍ മറ്റൊരു വിസ്മയമായി പാര്‍ട്ടിക്കെതിരെ വിമത ശബ്ദമുയര്‍ത്തി രംഗത്തെത്തിയത് പികെ ശശിയായിരുന്നു. ഒറ്റപ്പാലത്ത് യുഡിഎഫ് പിന്തുണയില്‍ മത്സരിച്ചെങ്കിലും എല്‍ഡിഎഫിനോട് 16,000 വോട്ടുകള്‍ക്ക് പിന്നിലാണ് പികെ ശശി. മറ്റൊരു വിസ്മയം പിവി അന്‍വര്‍ ആയിരുന്നു. പിവി അന്‍വറും തുടക്കം മുതല്‍ ബേപ്പൂര്‍ മണ്ഡലത്തില്‍ പിന്നിലാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button