കേരളത്തില്‍ യുഡിഎഫ് തേരോട്ടം, ജനങ്ങള്‍ നന്ദി പറഞ്ഞ് കോണ്‍ഗ്രസ് നേതൃത്വം; ആഹ്ലാദ പ്രകടനം തുടങ്ങി യുഡിഎഫ് പ്രവർത്തകർ

തിരുവനന്തപുരം: സംസ്ഥാനത്ത് യുഡിഎഫ് ഭരണം ഉറപ്പിച്ചതിന് പിന്നാലെ ജനങ്ങള്‍ നന്ദി പറഞ്ഞ് കോണ്‍ഗ്രസ് നേതാക്കള്‍. കെപിസിസിയിൽ നടന്ന വാർത്താസമ്മേളനത്തില്‍ കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്, പ്രതിപക്ഷ നേതാവ് സതീശൻ, എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാൽ, രമേശ് ചെന്നിത്തല, ശശി തരൂര്‍ എന്നിവര്‍ പങ്കെടുത്തു. ഉച്ചയ്ക്ക് ഒരു മണിക്ക് വീണ്ടും വാർത്താസമ്മേളനം നടത്തും. സംസ്ഥാനത്ത് ഉടനീളം യുഡിഎഫ് പ്രവർത്തകർ ആഹ്ലാദ പ്രകടനം തുടങ്ങി.
വോട്ടെണ്ണൽ 4 മണിക്കൂർ പിന്നിടുമ്പോള്‍, എൽഡിഎഫ് 43, യുഡിഎഫ് 96, എൻഡിഎ 1 എന്നിങ്ങനെയാണ് നിലവിലെ ലീഡ് നില. ആദ്യം വിറച്ചെങ്കിലും ഏഴാം റൗണ്ട് പൂർത്തിയായപ്പോള്‍ ധര്‍മ്മടത്ത് പിണറായി വിജയൻ 1536 വോട്ടിന് മുന്നിലെത്തി. എന്നാല്‍ 13 മന്ത്രിമാർ ഇപ്പോഴും പിന്നിലാണ്. വി ശിവന്‍കുട്ടി, വീണാ ജോർജ്, റോഷി അഗസ്റ്റിൻ, എം ബി രാജേഷ്, വി എൻ വാസവൻ, ആർ ബിന്ദു, ഗണേഷ് കുമാർ, പി രാജീവ്, ഒ ആർ കേളു, അബ്ദുറഹിമാൻ, ജെ ചിഞ്ചുറാണി, എ കെ ശശീന്ദ്രൻ, പി പ്രസാദ് എന്നിവർ പിന്നിലാണ്. യുഡിഎഫ് പ്രമുഖരെല്ലാം മുന്നിലാണ്. ബേപ്പൂരിൽ പി എ മുഹമ്മദ് റിയാസ് മുന്നിലാണ്.




