ഗോപന് സ്വാമിയുടെ വിവാദ കല്ലറയില്‍ അവസാന നിമിഷവും പൂജ; നടപടി പൊലീസ് നിയന്ത്രണങ്ങള്‍ ലംഘിച്ച്
തിരുവനന്തപുരം നെയ്യാറ്റിന്‍കരയിലെ ഗോപന് സ്വാമിയുടെ വിവാദ കല്ലറയില്‍ അവസാന നിമിഷവും പൂജ. നാളെ കല്ലറ തുറക്കാനിരിക്കെ മകന് സമാധിയില്‍ പൂജ നടത്തി. പൊലീസ് നിയന്ത്രണങ്ങള്‍ ലംഘിച്ചായിരുന്നു പൂജ.
നെയ്യാറ്റിന്‍കര ഗോപന് സ്വാമിയുടെ കല്ലറ നാളെ പൊളിച്ചു പരിശോധിക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചിരുന്നു. ഹൈക്കോടതി നിര്‍ദ്ദേശത്തിന് പിന്നാലെയാണ് കല്ലറ പൊളിക്കാന്‍ തീരുമാനിച്ചത്. സബ് കലക്ടറുടെ സാന്നിധ്യത്തില്‍ ആയിരിക്കും നടപടികള്‍. കല്ലറയുടെ 200 മീറ്റര്‍ പരിധിയില്‍ പൊതുജനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തും. കല്ലറ പൊളിച്ചു പരിശോധിക്കുന്നതിലൂടെ കേസിലെ ദുരൂഹതകള്‍ നീക്കാം എന്ന പ്രതീക്ഷയിലാണ് പൊലീസ്.
കല്ലറ തുറക്കാനും പൊലീസിന് അധികാരമുണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കി. നെയ്യാറ്റിന്‍കര ഗോപന്റെ മരണസര്‍ട്ടിഫിക്കറ്റ് എവിടെയെന്ന് ഹൈകോടതി ചോദിച്ചു. മരണ സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ അസ്വാഭാവിക മരണമായി കണക്കാക്കും എന്നും കോടതി വ്യക്തമാക്കി. കുടുംബത്തിന്റെ ഹര്‍ജിയില്‍ കോടതി സര്‍ക്കാരിന് നോട്ടീസ് അയച്ചു. ഹൈന്ദവ സംഘടനകളുമായി കൂടിയാലോചിച്ച് തീരുമാനമെടുക്കുമെന്ന് ഗോപന് സ്വാമിയുടെ മകന് സനന്ദന്‍ പ്രതികരിച്ചു