‘ഞങ്ങൾ സ്ഥിരം പോകുന്ന വഴിയാണ്, ആനകൾ കൂട്ടമായി എത്തി, കണ്ടതോടെ എല്ലാവരും ഭയന്നോടി’; ഞെട്ടൽ മാറാതെ അമ്മിണി
മലപ്പുറം: ആനകൾ കൂട്ടമായിട്ടാണ് എത്തിയതെന്ന് മലപ്പുറത്തെ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട സരോജിനിക്കൊപ്പം ഉണ്ടായിരുന്ന അമ്മിണി . അമ്മിണി, തങ്ക, സരോജിനി എന്നിങ്ങനെ മൂന്നു സ്ത്രീകൾ ഒരുമിച്ചാണ് കാട്ടിലേക്ക് പോയത്. ആടുകളെയും പോത്തുകളെയും മേയ്ക്കാൻ സ്ഥിരം പോകുന്ന വഴിയായിരുന്നു അത്. ആനകൾ കൂട്ടമായാണ് എത്തിയതെന്നും ആനയെ കണ്ടതോടെ എല്ലാവരും ഭയന്നോടിയെന്നും അമ്മിണി പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ സരോജിനിയെയാണ് പിന്നീട് കണ്ടതെന്നും ഇവർ വിശദമാക്കി. ഉച്ചക്കുളം ആദിവാസി ഊരിലെ സരോജിനി (നീലി) എന്ന സ്ത്രീയാണ് ഇന്ന് രാവിലെ കാട്ടാനയുടെ ആക്രമണത്തിൽ മരിച്ചത്. ഇന്ന് രാവിലെ 10 മണിയോടെയാണ് സംഭവമുണ്ടായത്.
സരോജിനിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി. പെരിന്തൽമണ്ണ സബ് കളക്ടർ അപൂർവ ത്രിപാഠി സരോജിനിയുടെ വീട്ടിലെത്തിയിരുന്നു. ഒരു മാസത്തിനുള്ളിൽ ഫെൻസിങ് പൂർത്തിയാക്കുമെന്ന് സബ് കളക്ടർ ഉറപ്പുനൽകി. ഫെൻസിംഗ് ഉടൻ പൂർത്തിയാക്കണമെന്നും അടിക്കാടുകൾ വെട്ടാൻ അനുവദിക്കണമെന്നുമാണ് നാട്ടുകാർ ആവശ്യമുന്നയിച്ചത്. തകർന്ന കിടങ്ങുകൾ ഉടൻ പുനസ്ഥാപിക്കുമെന്നും ആദിവാസികളിൽ നിന്ന് തന്നെ വനംവാച്ചന്മാരെ നിയോഗിക്കുമെന്നും സബ് കളക്ടർ പറഞ്ഞു. നഷ്ടപരിഹാരം ഉൾപ്പെടെയുള്ള നടപടികൾ ഉടൻ നടപ്പിലാക്കുമെന്നും പെരിന്തൽമണ്ണ സബ് കളക്ടർ അപൂർവ ത്രിപാഠി ഉറപ്പ് നൽകി.