15 വയസുകാരിയുടെ ഫോണിൽ അശ്ലീല സന്ദേശം, വിളിച്ച് വരുത്തി പീഡിപ്പിച്ചു; ബിജെപി നേതാവ് പോക്സോ കേസിൽ അറസ്റ്റിൽ
ചെന്നൈ: തമിഴ്നാട്ടിൽ ബിജെപി സംസ്ഥാന നേതാവിനെ പോക്സോ കേസിൽ അറസ്റ്റ് ചെയ്തു. സ്കൂൾ വിദ്യാർഥിനിയായ 15 വയസുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ മധുര സൗത്ത് ഓൾ വിമൻ പൊലീസ് റജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. ബിജെപി സാമ്പത്തിക വിഭാഗം അധ്യക്ഷൻ എം.എസ്. ഷായാണ് പോക്സോ കേസിൽ അറസ്റ്റിലായത്. പെൺകുട്ടിയുടെ പിതാവാണ് ബിജെപി നേതാവിനെതിരെ പരാതി നൽകിയത്.
15 വയസ്സുള്ള മകളുടെ മൊബൈൽ ഫോണിൽ അശ്ലീല സന്ദേശങ്ങൾ അയച്ചതായും ഇരുചക്ര വാഹനം വാങ്ങിത്തരാമെന്ന് പറഞ്ഞ് മകളെ വീട്ടിലേക്ക് വിളിച്ചു വരുത്തി പീഡിപ്പിച്ചുവെന്നുമാണ് കുട്ടിയുടെ പിതാവ് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. തന്റെ ഭാര്യയ്ക്ക് ഷായുമായി വിവാഹേതര ബന്ധമുണ്ടെന്നും മകളെ പീഡിപ്പിച്ച കാര്യം ഇവർക്ക് അറിയാമായിരുന്നുവെന്നും പരാതിയിൽ ആരോപിച്ചുകുന്നു. തുടർന്ന് ഇയാളുടെ ഭാര്യയ്ക്കെതിരെയും ഷായ്ക്ക് എതിരെയും പൊലീസ് കേസെടുത്തത്.
ബിസിനസുകാരനായ പെൺകുട്ടിയുടെ പിതാവ് പലപ്പോഴും ബിസിനസ് ആവശ്യങ്ങൾക്കായി യാത്രയിലായിരുന്നു. ഈ സമയത്ത് ബിജെപി നേതാവുമായി ഭാര്യ അടുപ്പത്തിലായെന്നാണ് വിവരം. രണ്ട് വർഷമായി യുവതി ബിജെപി നേതാവുമായി അടുപ്പത്തിലായിരുന്നു. ഷായെ കാണാൻ പോകുമ്പോൾ യുവതി മകളെയും കൂടെ കൊണ്ടുപോകാറുണ്ടായിരുന്നുവെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്താൻ മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് നിർദേശിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ബിജെപി നേതാവായ എം.എസ്. ഷാ കുറ്റക്കാരനാണെന്നു കണ്ടെത്തുകയായിരുന്നു. ഇതിന് പിന്നാലെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.