വ്യാജ പാസ്പോർട്ട്, എംഡിഎംഎ; ഫോൺകോളിലൂടെ പൊലീസെന്ന് പറഞ്ഞ് കുടുക്കാൻ നോക്കി തട്ടിപ്പുകാർ, പക്ഷേ, സംഭവിച്ചത്
എന്തെല്ലാം തട്ടിപ്പുകളാണ് ഇവിടെ നടക്കുന്നത്. അപരിചിതമായ നമ്പറിൽ നിന്നും കോളുകൾ വന്നാൽ എടുക്കാൻ തന്നെ ആളുകൾക്ക് പേടിയാണ്. എന്നാൽ, തട്ടിപ്പുകാർക്കിട്ട് അങ്ങോട്ട് പണി കൊടുക്കുന്നവരും ഒരുപാടുണ്ട്. അങ്ങനെ ഒരു യുവാവ് ചെയ്ത കാര്യമാണ് ഇപ്പോൾ വൈറലാവുന്നത്.
സ്ഥിരമായി നടക്കുന്ന ഒരു തട്ടിപ്പാണ് കൊറിയറിന്റെ പേരിൽ നടക്കുന്ന തട്ടിപ്പ്. നിങ്ങളുടെ പേരിൽ ഒരു കൊറിയർ ഉണ്ടെന്നും അതിൽ വിവിധ വ്യാജ പാസ്പോർട്ടുകളും മയക്കുമരുന്നുകളും അടക്കം എന്തൊക്കെയോ സാധനങ്ങൾ കണ്ടെത്തി എന്നുമാണ് തട്ടിപ്പുകാർ സാധാരണ പറയുന്നത്. അങ്ങനെ പറഞ്ഞുകൊണ്ട് തന്നെയാണ് ഈ യുവാവിനേയും വിളിച്ചത്.
ഡെൽഹി പൊലീസ് ഉദ്യോഗസ്ഥരായി വേഷമിട്ടുകൊണ്ടാണ് തന്നെ തട്ടിപ്പുകാർ വിളിച്ചത് എന്നാണ് എക്സിൽ പങ്കുവച്ച പോസ്റ്റിൽ ശുഭം കുറിച്ചത്. ശുഭത്തിന്റെ പേരിൽ മലേഷ്യയിലേക്ക് അയച്ച ഒരു കൊറിയറിൽ എംഡിഎംഎയും വ്യാജ പാസ്പോർട്ടുകളും ഡെബിറ്റ് കാർഡുകളും ഉണ്ടെന്ന് കണ്ടെത്തിയയെന്ന് പറഞ്ഞു കൊണ്ടായിരുന്നു കോൾ വന്നത്.
ഡെൽഹി കസ്റ്റംസ് ഡിപാർട്മെന്റിൽ നിന്നുള്ള സുമിത്ത് മിശ്രയാണ് എന്ന് പറഞ്ഞുകൊണ്ടായിരുന്നു കോൾ വന്നത്. തട്ടിപ്പുകാരാണ് എന്ന് മനസിലായിട്ടും ശുഭം തുടർന്നും സംസാരിച്ചു. ഏതെങ്കിലും വിഡ്ഢികൾ സ്വന്തം പേരിൽ ഇതൊക്കെ കൊറിയർ ചെയ്യുമോ എന്നാണ് ശുഭം ചോദിച്ചത്. ഒപ്പം താൻ പൊലീസിൽ ഓൺലൈനായി പരാതി നൽകിയെന്നും പറഞ്ഞു. എന്നാൽ, വിളിച്ചയാൾ താൻ തന്ന നമ്പറിൽ തന്നെ വിളിച്ച് പരാതി നൽകണം എന്ന് പറയുകയായിരുന്നു.