Uncategorized

ബോബി ചെമ്മണ്ണൂരിന് ജയിലില്‍ വഴിവിട്ട സൗകര്യം ? സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം

തിരുവനന്തപുരം : നടി ഹണി റോസ് നൽകിയ ലൈംഗികാധിക്ഷേപ പരാതിയിൽ റിമാൻഡിൽ കഴിയുന്ന വ്യവസായി ബോബി ചെമ്മണ്ണൂരിന് ജയിലിൽ പ്രത്യേക സൗകര്യങ്ങൾ ഒരുക്കിയെന്ന ആരോപണത്തിൽ സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം തുടങ്ങി. ബോബി ചെമ്മണ്ണൂരിന്റെ അടുപ്പക്കാർ ഉന്നത ഉദ്യോഗസ്ഥനൊപ്പം ജില്ലാ ജയിലിലെത്തി സന്ദർശക പട്ടികയിൽ പേര് ചേർക്കാതെ സൂപ്രണ്ടിൻ്റെ മുറിയിലിരുന്ന് സംസാരിച്ചുവെന്നാണ് വിവരം. ബോബി ചെമ്മണ്ണൂരിന് സൗകര്യമൊരുക്കാൻ വേണ്ടി മാത്രം ഈ ഉന്നത ഉദ്യോഗസ്ഥൻ നേരിട്ടെത്തി. ബോബിയെത്തിയപ്പോൾ കൈയിൽ പണമില്ലായിരുന്നു. ജയിൽ ചട്ടം മറികടന്ന് ബോബിക്ക് ഫോൺ വിളിക്കാൻ 200 രൂപ നേരിട്ട് നൽകി. പിന്നീട് ഇത് രേഖകളിൽ എഴുതി ചേർത്തെന്നും വിവരമുണ്ട്.

നടി ഹണി റോസിനെതിരെ ലൈംഗികാധിക്ഷേപ പരാമർശം നടത്തിയതിന് റിമാൻഡിൽക്കഴിയുന്ന ബോബി ചെമ്മണ്ണൂരിന് ജാമ്യ അനുവദിക്കാമെന്ന് ഹൈക്കോടതി. പ്രതിയെ കസ്റ്റഡിയിൽ വേണ്ടെന്ന സർക്കാർ നിലപാട് കൂടി പരിഗണിച്ചാണ് വൈകിട്ട് മൂന്നരയ്ക്ക് വിശദമായ ഉത്തരവ് പുറപ്പെടുവിക്കുക. ബോബി ചെമ്മണ്ണൂർ നടത്തിയത് ദ്വയാർഥ പ്രയോഗമാണെന്ന് വിലയിരുത്തിയ കോടതി ഇത്തരം പരാമർശങ്ങൾ നടത്തുന്നവർക്കുളള താക്കീതാണ് പ്രോസിക്യൂഷൻ നടപടികളെന്നും നിരീക്ഷിച്ചു.

ബോബി ചെമ്മണ്ണൂരിന്‍റെ പ്രസ്താവനകളിൽ കടുത്ത വിയോജിപ്പാണ് ഹൈക്കോടതി രേഖപ്പെടുത്തിയത്. നടി ഹണി റോസിന്‍റെ പരാതിക്ക് ആധാരമായ ഉദ്ഘാടന പരിപാടിയുടെ വീഡീയോ ദൃശ്യങ്ങൾ പരിശോധിച്ച കോടതി ദ്വയാർഥ പ്രയോഗമല്ലാതെ മറ്റെന്താണിതെന്ന് ചോദിച്ചു. നടിയുടെ മാന്യത കൊണ്ടാണ് പൊതുമധ്യത്തിൽ അവരുടെ അനിഷ്ടം പ്രകടിപ്പിക്കാതിരുന്നത്. സ്വയം സെലിബ്രിറ്റിയായി കരുതുന്ന ഈ മനുഷ്യൻ എന്തിനാണ് ഇങ്ങനെയൊക്കെ പെരുമാറുന്നതെന്നും കോടതി ആരാ‍ഞ്ഞു.

സാമൂഹ്യമാധ്യമങ്ങളിലൂടെയും അല്ലാതെയും തനിക്ക് യാതൊരു ബന്ധവുമില്ലാത്ത മനുഷ്യരെ അധിക്ഷേപിക്കുന്നവർക്കുളള താക്കീതുകൂടിയാണിത്. ബോബി ചെമ്മണ്ണൂരിനെതിരായ നടപടി ഒരുപാട് പേർക്ക് പാഠമായിട്ടുണ്ടെന്നാണ് കരുതുന്നതെന്ന് ജസ്റ്റീസ് പി വി കുഞ്ഞികൃഷ്ണൻ നിരീക്ഷിച്ചു. സ്ഥിരമായി അധിക്ഷേപ പരാമർശങ്ങൾ നടത്തുന്നയാളാണ് പ്രതിയെന്നും സ്ത്രീത്വത്തെ അപമാനിക്കുകയാണെന്നും സർക്കാർ അറിയിച്ചു. ഇത്തരക്കാർക്കെല്ലാംമുളള മറുപടിയാണ് ഈ കേസ്. ബോബി ചെമ്മണ്ണൂരിനെ കസ്റ്റഡിയിൽ വേണമെന്ന് പൊലീസ് ആവശ്യപ്പെട്ടിട്ടില്ലെന്നും ഗുരുതരമായ കുറ്റങ്ങളല്ല ചുമത്തിയിരിക്കുന്നതെന്നും പ്രതിഭാഗം അറിയിച്ചു. ജാമ്യം നൽകിയാൽ കർശന ഉപാധി വേണമെന്ന് സർക്കാരും നിലപാടെടുത്തു. ഇത് പരിഗണിച്ചാണ് ജാമ്യത്തിന് അർഹതയുണ്ടെന്ന് കോടതി വിലയിരുത്തിയത്. ജാമ്യവ്യവസ്ഥകൾ പൂർത്തിയാക്കാനായാൽ ബോബി ചെമ്മണ്ണൂരിന് ഇന്നുതന്നെ ജാമ്യത്തിൽ ഇറങ്ങാനാകും

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button