പെട്രോൾ പമ്പ് സമരത്തിനിടെ അറിയിപ്പുമായി കെഎസ്ആർടിസി, യാത്ര ഫ്യൂവൽസ് സാധാരണ പോലെ തുറന്നു പ്രവർത്തിക്കും
തിരുവനന്തപുരം: ഇന്ന് ഉച്ച വരെ പെട്രോൾ പമ്പ് സമരമാണെന്ന് ഓർക്കാതെ, വാഹനത്തിൽ ഇന്ധനം നിറയ്ക്കാൻ വിട്ടുപോയവരുണ്ടെങ്കിൽ വിഷമിക്കേണ്ട. യാത്ര ഫ്യൂവൽസ് ഔട്ട് ലെറ്റുകൾ തുറന്നു പ്രവർത്തിക്കുമെന്ന് കെഎസ്ആർടിസി അറിയിച്ചിട്ടുണ്ട്. കെഎസ്ആർടിസിയുടെ എല്ലാ യാത്രാ ഫ്യൂവൽസ് പമ്പുകളും സാധാരണ നിലയിൽ തുറന്നു പ്രവർത്തിക്കും. ഇന്ന് ഉച്ചയ്ക്ക് 12 വരെ കേരളത്തിലെ പെട്രോൾ പമ്പുകൾ അടച്ചിടുമെന്ന് ഡീലർമാർ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് കെഎസ്ആർടിസിയുടെ അറിയിപ്പ്.
കെഎസ്ആർടിസിക്ക് നിലവിൽ 15 യാത്ര ഫ്യൂവൽസ് ഔട്ട്ലെറ്റുകളാണുള്ളത്. തിരുവനന്തപുരം സിറ്റി, വികാസ് ഭവൻ, കിളിമാനൂർ, ചടയമംഗലം, മാവേലിക്കര, ചേർത്തല, മൂന്നാർ, മൂവാറ്റുപുഴ, ചാലക്കുടി, നോർത്ത് പറവൂർ, പൊൻകുന്നം, തൃശ്ശൂർ, ഗുരുവായൂർ, കോഴിക്കോട്, പെരുമ്പാവൂർ എന്നിവിടങ്ങളിലാണ് കെഎസ്ആർടിസിക്ക് യാത്ര ഫ്യൂവൽസ് ഔട്ട് ലെറ്റുകളുള്ളത്.
ഓള്‍ കേരളാ ഫെഡറേഷന്‍ ഓഫ് പെട്രോളിയം ട്രേഡേഴ്സാണ് ഇന്ന് പെട്രോൾ പമ്പ് അടച്ചിടൽ സമരത്തിന് ആഹ്വാനം ചെയ്തത്. കോഴിക്കോട് മേഖലയിലെ എച്ച്പിസിഎൽ പമ്പുകളോടുള്ള ടാങ്കര്‍ ലോറി തൊഴിലാളികളുടെ മോശം പെരുമാറ്റം അവസാനിപ്പിക്കുക, വ്യാജ ഇന്ധന വിതരണത്തില്‍ കര്‍ശന നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം നടത്തുന്നത്.