Uncategorized

ലോഡ്ജിലേത് അരുംകൊല; നിർണായക തെളിവുകള്‍, സ്ത്രീയെ കഴുത്തറത്ത് കൊലപ്പെടുത്തിയശേഷം മധ്യവയ്കൻ തൂങ്ങി മരിച്ചു

തിരുവനന്തപുരം: തമ്പാനൂർ കെഎസ്ആർടിസി ബസ്റ്റാൻഡിന് സമീപമുള്ള ലോഡ്ജിൽ സ്ത്രീയെയും മധ്യവയസ്കനെയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങള്‍ പുറത്ത്. സ്ത്രീയെ കഴുത്തറുത്ത് കൊന്ന ശേഷം മധ്യവയസ്കൻ ജീവനൊടുക്കുകയായിരുന്നു. പേയാട് സ്വദേശികളായ സി. കുമാരൻ (51), ആശ (42) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ആശയെ കാണാനില്ലെന്ന് കാട്ടി ഭർത്താവ് കഴിഞ്ഞദിവസം പൊലീസിന് പരാതി നൽകിയിരുന്നു.

ആശയെ കഴുത്തറുത്ത് കൊന്നശേഷം കുമാരൻ ജീവനൊടുക്കുകയായിരുന്നുവെന്നും വിശദമായ അന്വേഷണം നടത്തുമെന്നും ഡിസിപി കാര്‍ത്തിക് റെഡ്ഡി പറഞ്ഞു. കൈരളി ടെലിവിഷൻ ചാനലിൽ പ്രൊഡക്ഷൻ അസിസ്റ്റന്‍റായ സി കുമാരന് രണ്ടുദിവസം മുമ്പാണ് തമ്പാനൂർ ബസ്റ്റാൻഡിനെ സമീപത്തെ ടൂറിസ്റ്റ് ഫോമിൽ മുറിയെടുത്തത്. ഇന്നലെ രാവിലെ ആശയെ വിളിച്ചുവരുത്തി. പാങ്ങോട് സൈനിക ക്യാമ്പിൽ താല്‍ക്കാലിക ജീവനക്കാരിയാണ് ആശ. രാവിലെ മുറി വൃത്തിയാക്കുന്നതിനായി ജീവനക്കാര്‍ പലതവണ മുട്ടി വിളിച്ചിട്ടും പ്രതികരണം ഉണ്ടായില്ല. ഇതോടെ ജീവനക്കാർ തമ്പാനൂർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

പൊലീസ് എത്തി മൂന്നാം നിലയിലെ മുറിയുടെ കതക് ചവിട്ടിപ്പൊളിച്ചാണ് അകത്തു കടന്നത്. കഴുത്തറുത്ത് രക്തത്തിൽ കുളിച്ചു കിടക്കുന്ന നിലയിൽ കട്ടിലിന് സമീപത്താണ് ആശയുടെ മൃതദേഹം കണ്ടെത്തിയത്. കുമാരനെ മുറിക്കുള്ളിൽ തൂങ്ങിമരിച്ച നിലയിലും കണ്ടെത്തി. കുമാരന്‍റെ കൈത്തണ്ടയിലെ ഞരമ്പ് മുറിച്ചിട്ടുണ്ട്. മുറിയിൽ നിന്ന് കൊലക്കുപയോഗിച്ചെന്ന് കരുതുന്ന കത്തി കണ്ടെടുത്തു.പെട്ടെന്നുണ്ടായ പ്രകോപനമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. മുറിയിൽ മൽപ്പിടുത്തം നടന്നതായി വ്യക്തമാക്കുന്ന തെളിവുകൾ ലഭിച്ചു. ഇരുവരും തമ്മിൽ അടിയുണ്ടായെന്നാണ് പൊലീസ് നിഗമനം. ആശയുടെ ശരീരത്തിൽ ക്ഷതമേറ്റ പാടുകൾ ഉണ്ട്. ഇന്നലെ രാത്രിയാണ് കൊലപാതകം നടന്നതെന്നാണ് പൊലീസിന്‍റെ നിഗമനം. ഫോറൻസിക് സംഘം മുറിക്കുള്ളിൽ വിശദമായ പരിശോധന നടത്തി. വിശദമായ അന്വേഷണത്തിലൂടെയെ കൊലപാതക കാരണം വ്യക്തമാകുവെന്ന് പൊലീസ് അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button