നിരക്ക് വളരെ കുറവ്; തിരുവനന്തപുരത്തും ഓൺലൈൻ ബൈക്ക് ടാക്സി സർവീസ്; പിന്നാലെ പ്രതിഷേധവുമായി ഓട്ടോ, ടാക്സി ഡ്രൈവർമാർ

തിരുവനന്തപുരം : പ്രമുഖ ഓൺലൈൻ ടാക്‌സി സർവീസ് പ്ലാറ്റ്ഫോമായ റാപിഡോ കേരളത്തിൽ ബൈക്ക് ടാക്സി സർവീസ് ആരംഭിച്ചതിൽ പ്രതിഷേധം. ഓട്ടോ, ടാക്സി ഡ്രൈവർ യൂണിയനുകളാണ് പ്രതിഷേധവുമായി രംഗത്തിറങ്ങിയത്. നിലവിലുള്ള ഗതാഗത നിയമങ്ങൾ ലംഘിച്ചാണ് ബൈക് ടാക്‌സി സർവീസ് നടത്തുന്നതെന്നും ഇത് തങ്ങളുടെ ജീവിതത്തെ ബാധിക്കുമെന്നുമാണ് ഓട്ടോ ടാക്സി ഡ്രൈവർമാർ പറയുന്നത്. സംസ്ഥാനത്ത് സ്ത്രീകൾക്ക് മാത്രമുള്ള ബൈക്ക് ടാക്സി സർവീസാണ് റാപിഡോ അവതരിപ്പിച്ചത്. ഇതിന് പിന്നാലെ, നാഷണൽ ഓൺലൈൻ ഓട്ടോ ടാക്സി ഡ്രൈവേഴ്സ് യൂണിയൻ (എഐടിയുസി) ആണ് പ്രതിഷേധവുമായി മുന്നോട്ട് വന്നത്. തിരുവനന്തപുരം നഗരത്തിലെ റാപ്പിഡോ ഓഫീസിന് മുന്നിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്.
റാപിഡോ ബൈക്ക് ടാക്സി സർവീസ് ഉടൻ നിർത്തിവെക്കണമെന്ന് യൂണിയൻ ആവശ്യപ്പെട്ടു. ഈ സർവീസ് തുടർന്നാൽ സംസ്ഥാനവ്യാപകമായി സമരം ശക്തമാക്കുമെന്ന് ഇവർ മുന്നറിയിപ്പ് നൽകുന്നുണ്ട്. നിലവിലെ നിയമപ്രകാരം ബൈക്ക് ടാക്സി സർവീസ് അനുവദനീയമല്ലെന്നും സ്വകാര്യ (വൈറ്റ് പ്ലേറ്റ്) ബൈക്കുകൾ വാണിജ്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. ഓട്ടോറിക്ഷകളും കാറുകളും കർശനമായ നിയമങ്ങൾ പാലിച്ചാണ് ടാക്‌സി സർവീസ് നടത്തുന്നത്. എന്നാൽ സ്വകാര്യ ബൈക്കുകൾക്ക് അതേ സൗകര്യം നൽകുന്നത് വിപണിയിൽ അനാരോഗ്യകരമായ മത്സരം സൃഷ്‌ടിക്കുമെന്ന് ഇവർ പറയുന്നു. കേരള സ്റ്റേറ്റ് ഗിഗ് ആൻഡ് പ്ലാറ്റഫോം വർക്കേഴ്സ് യൂണിയൻ ഗതാഗത കമ്മീഷണറെ സമീപിച്ച് സ്വകാര്യ ബൈക്കുകൾ വാണിജ്യ യാത്രാ സേവനങ്ങൾക്ക് അനുവദിക്കില്ലെന്ന് ഉറപ്പ് തേടിയിട്ടുണ്ട്.
നിലവിലെ റാപിഡോ ഓൺലൈൻ പ്ലാറ്റ്ഫോമിൽ ബൈക്ക് ടാക്സി സർവീസ് ലഭ്യമാണ്. ഇന്ന് ഉച്ചയ്ക്ക് 2 മണിയോടെ പ്ലാറ്റ്ഫോമിലെ നിരക്കുകൾ പരിശോധിച്ചതിൽ നിന്ന് ഓട്ടോറിക്ഷ സർവീസിന് ഈടാക്കുന്നതിൻ്റെ മൂന്നിലൊന്ന് നിരക്ക് മാത്രമാണ് ബൈക്ക് ടാക്സികൾക്ക് ഈടാക്കുന്നതെന്ന് വ്യക്തമായി. ചെറുകാറുകളെ അപേക്ഷിച്ച് നാലിലൊന്ന് മാത്രമാണ് ബൈക്ക് ടാക്‌സികളുടെ നിരക്ക്. തിരുവനന്തപുരം റെയിൽവെ സ്റ്റേഷനിൽ നിന്ന് ഏഴ് കിലോമീറ്റർ ദൂരെയുള്ള വട്ടിയൂർക്കാവിലേക്ക് പരമാവധി 77 രൂപയാണ് ബൈക്ക് ടാക്സിക്ക് റാപിഡോ പ്ലാറ്റ്ഫോമിൽ നിരക്ക് പറയുന്നത്. ഇതേ ദൂരത്തിൽ ഓട്ടോറിക്ഷകൾക്ക് 205 രൂപയും ചെറുകാറുകൾക്ക് 335 വരെയുമാണ് നിരക്ക് പറയുന്നത്. ഫ്ലെക്സി റേറ്റ് ആയതിനാൽ ഓരോ സമയത്തെയും തിരക്ക് അനുസരിച്ച് നിരക്കുകൾ വ്യത്യാസപ്പെട്ടിരിക്കും. നിരക്കുകളിലെ ഈ അന്തരമാണ് വലിയ പ്രതിഷേധത്തിന് കാരണമാകുന്നത്.



