പക്ഷിപ്പനി: ഭയം വേണ്ട, ജാഗ്രത മതി! ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ യോഗം ചേർന്നു; 14,228 വളർത്തുപക്ഷികളെ കൊന്ന് നശിപ്പിക്കും

ജില്ലയിലെ വിവിധ പഞ്ചായത്തുകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗ്. പക്ഷിപ്പനി പ്രതിരോധവുമായി ബന്ധപ്പെട്ട് കളക്ടറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. അന്തർദേശീയ, ദേശീയ തലങ്ങളിൽ നിലവിലുള്ള പക്ഷിപ്പനി നിയന്ത്രണ പ്രോട്ടോക്കോളിന്റെ ഭാഗമായി രോഗം കണ്ടെത്തിയ പ്രഭവ കേന്ദ്രത്തിന്റെ ഒരു കിലോമീറ്റർ ചുറ്റളവിൽ വളർത്തു പക്ഷികളെ കൊന്നൊടുക്കുന്ന കള്ളിങ് നാളെ നടത്താൻ യോഗത്തിൽ തീരുമാനമായി.
സംസ്ഥാന മൃഗസംരക്ഷണവകുപ്പും ജില്ലാഭരണകൂടവും തദ്ദേശ സ്ഥാപനങ്ങളും ചേർന്നാണ് ഇത് നടപ്പിലാക്കുക. 14,228 വളർത്തുപക്ഷികളെയാണ് കൊന്നു നശിപ്പിക്കുക. തുടർന്ന് കള്ളിങ്ങിൽ ഉൾപ്പെടാതെ പോയ പക്ഷികളെ കണ്ടെത്തി കൊല്ലുന്ന മോപ്പിങ്, ഉടമസ്ഥർ ഒളിപ്പിച്ച തോമറ്റിടങ്ങളിലേക്ക് കടത്തിയതോ ആയ പക്ഷികൾ ഉണ്ടെങ്കിൽ അവയെ കണ്ടുപിടിച്ച് നശിപ്പിക്കുന്ന കോംബിങ് തുടങ്ങിയ പ്രതിരോധപ്രവർത്തനങ്ങൾ രണ്ടാം ഘട്ടമായി സംസ്ഥാന മൃഗസംരക്ഷണവകുപ്പും ജില്ലാഭരണകൂടവും ചേർന്ന് നടപ്പിലാക്കും.
നിലവിൽ രോഗം സ്ഥിരീകരിച്ച ഒളവണ്ണ, കക്കോടി, പനങ്ങാട്, പെരുമണ്ണ, കോർപ്പറേഷൻ പരിധിയിലെ നല്ലളം എന്നിവിടങ്ങളിൽ നാല് വീതം ആർആർടി ടീമുകളെ സജ്ജമാക്കിയതായും ഉദ്യോഗസ്ഥർ അറിയിച്ചു. ജില്ലയിൽ പക്ഷികൾ കൂട്ടത്തോടെ ചത്തതിന്റെ അടിസ്ഥാനത്തിൽ ജന്തുരോഗനിയന്ത്രണ പദ്ധതി കാര്യാലയത്തിൽ നിന്നും ഭോപ്പാലിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി അനിമൽ ഡിസീസസിലിലേയ്ക്ക് അയച്ച അഞ്ചു സാമ്പിളുകളാണ് ഹൈ പത്തൊജനിക് പക്ഷിപ്പനിയാണെന്ന് സ്ഥിരീകരിച്ചത്. നിലവിൽ പക്ഷികളിൽ മാത്രമാണ് രോഗം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.




