കെ സുധാകരന് സ്വതന്ത്ര സ്ഥാനാര്‍ത്ഥി?; പ്രഖ്യാപനം 12 മണിക്ക്?

കണ്ണൂര്‍: എംപിമാര്‍ മത്സരിക്കേണ്ടതില്ലെന്ന ഹൈക്കമാന്‍ഡ് തീരുമാനത്തിന് പിന്നാലെ രാഷ്ട്രീയ കേരളം കാത്തിരിക്കുന്നത് കെ സുധാകാരന്റെ നിലപാടറിയാന്‍. കണ്ണൂരില്‍ സുധാകരന് സ്വതന്ത്രനായി മത്സരിച്ചേക്കുമെന്നാണ് പുറത്തുവരുന്ന വിവരം. 12 മണിക്ക് വാര്‍ത്താ സമ്മേളനത്തില്‍ പ്രഖ്യാപനം ഉണ്ടായേക്കും. ബിജെപി നേതാക്കളും സുധാകരനെ സമീപിച്ചിട്ടുണ്ട്.
സ്ഥാനാർത്ഥി പട്ടിക സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനത്തിനായുള്ള കാത്തിരിപ്പിലാണ് സുധാകരന്. പട്ടിക പുറത്തു വന്നുകഴിഞ്ഞാല്‍ പിന്നാലെ തന്നെ പ്രതികരണമുണ്ടാകും. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയാണ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒരു എംപിമാരും മത്സരിക്കേണ്ടതില്ലെന്ന തീരുമാനത്തിലെത്തിയത്. ഇതോടെ കെ സുധാകരനും അടൂര്‍ പ്രകാശിനും സീറ്റുണ്ടാകില്ലെന്ന് ഉറപ്പായി.
സീറ്റ് നിഷേധിച്ചാല്‍ പരസ്യ പ്രതിഷേധം നടത്താനാണ് കെ സുധാകരന് അനുകൂലികളുടെ തീരുമാനം. കണ്ണൂര്‍ ഡിസിസി ഓഫീസിന് മുന്നില്‍ പ്രതിഷേധം സംഘടിപ്പിക്കാനാണ് നീക്കം. പറഞ്ഞ വാക്ക് നേതൃത്വം പാലിച്ചില്ലെന്നാണ് സുധാകരന് അനുകൂലികളുടെ വികാരം. പേരാവൂരിലും നിലപാട് കടുപ്പിക്കുമെന്നാണ് മുന്നറിയിപ്പ്. സണ്ണി ജോസഫിനെതിരെയും വിമത സ്ഥാനാര്‍ത്ഥിയെ രംഗത്തിറക്കും.
കോണ്‍ഗ്രസിന്റെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവന്നതിന് പിന്നാലെ കെ സുധാകരനെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഉള്‍പ്പെടുത്താത്തതിനെതിരെ സുധാകരന് അനുയായികളുടെ വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു. കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫിനെതിരെ പേരാവൂരില്‍ പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടു. കെ എസ് ബ്രിഗേഡിന്റെ പേരിലായിരുന്നു താക്കീത്. ‘നന്ദി ഇല്ലെങ്കിലും നന്ദികേട് ആവരുത് സണ്ണീ… തിരിച്ചടി നേരിടേണ്ടിവരും… ശ്രീ കെ സുധാകരന് അഭിവാദ്യങ്ങള്‍’ എന്നായിരുന്നു പോസ്റ്ററിലെ വാക്കുകള്‍. പേരാവൂര്‍ മണ്ഡലത്തിലെ അയ്യന്‍കുന്നിലാണ് പോസ്റ്റര്‍ പതിച്ചത്. ഇന്നലെ രാത്രി കണ്ണൂര്‍ ഡിസിസി പരിസരത്തേക്ക് കെ സുധാകരന് അനുകൂലികളുടെ പന്തംകൊളുത്തി പ്രകടനവും നടന്നിരുന്നു. ‘കണ്ണേ കരളേ കെഎസേ, നമ്മുടെ ഓമന നേതാവെ, അല്ലറ ചില്ലറ നേതാവല്ല, ഇതാണ് നമ്മുടെ നേതാവ്’ തുടങ്ങിയ മുദ്രാവാക്യങ്ങള്‍ വിളിച്ചുകൊണ്ടായിരുന്നു സുധാകരന് അനുകൂലികളുടെ പ്രകടനം.




