Uncategorized

അറ്റകുറ്റപ്പണിക്കിടെ കൊച്ചി- സേലം എൽപിജി പൈപ്പ് ലൈനിൽ ചോർച്ച, പുതുക്കാട് മേഖലയിൽ രൂക്ഷഗന്ധം, തീ ഉപയോഗിക്കുന്നതിന് നിയന്ത്രണം

ആമ്പല്ലൂർ: തൃശൂർ ആമ്പല്ലൂര്‍ മണലിയ്ക്ക് സമീപം മടവാക്കരയില്‍ കൊച്ചി-സേലം എല്‍പിജി പൈപ്പ് ലൈനില്‍ ചോര്‍ച്ച. അറ്റകുറ്റപണി നടക്കുന്നതിനിടെ പൈപ്പ് ലൈനില്‍ ചോര്‍ച്ച ഉണ്ടാവുകയായിരുന്നു. വലിയതോതില്‍ എല്‍പിജി ചോര്‍ച്ച ഉണ്ടായതോടെ പൈപ്പ് ലൈന്റെ വാല്‍വ് അടച്ചു. പൈപ്പ് ലൈനില്‍ തങ്ങി നിന്നിരുന്ന വാതകമാണ് ഇപ്പോള്‍ ചോര്‍ന്നുകൊണ്ടിരിക്കുന്നത്. പുതുക്കാട് അഗ്നിരക്ഷസേന ചോര്‍ച്ചയിലേക്ക് വെള്ളം പമ്പ് ചെയ്താണ് സ്ഥിതിഗതികള്‍ നിയന്ത്രിക്കുന്നത്. ചോര്‍ച്ചയുണ്ടായ പ്രദേശത്തിന്റെ ഏതാനും ചുറ്റളവില്‍ ഗന്ധം അനുഭവപ്പെടുന്നുണ്ട്. മേഖലയിലെ വീടുകളിലും സ്ഥാപനങ്ങളിലും പൊലീസും അഗ്നിരക്ഷസേനയും വില്ലേജ് ഓഫീസ് അധികൃതരും എത്തി മുന്‍കരുതലുകള്‍ സ്വീകരിച്ചു. വീടുകളിലും സ്ഥാപനങ്ങളിലും തീ ഉപയോഗിക്കുന്നതിലും വൈദ്യുതി ഉപകരണങ്ങള്‍ ഉപയോഗിക്കുന്നതിലും നിയന്ത്രണം ഏര്‍പ്പെടുത്തി. പൈപ്പ് ലൈന്റെ ചുമതലയുള്ള കെ.എസ് പിപിഎല്‍, പെട്രോളിയം കമ്പനികളായ ബിപിസിഎല്‍, ഐഒസിഎല്‍ അധികൃതരും സ്ഥലത്തെത്തി. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്ന് അധികൃതര്‍ അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button