13 കാരനായ മകന്റെ മുന്നിൽ വെച്ച് കൊടും ക്രൂരത, ഭാര്യയെ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുന്നിൽ തള്ളിയിട്ട് കൊന്നു; ഭർത്താവ് പിടിയിൽ

മുംബൈ: കുടുംബ വഴക്കിനെ തുടർന്ന് 13 വയസ്സുള്ള മകന്റെ മുന്നിൽവച്ച് ഭാര്യയെ ട്രെയിനിന് മുന്നിലേക്കു തള്ളിയിട്ട് കൊലപ്പെടുത്തി ഭർത്താവ്. മുംബൈയിലെ മുളുണ്ട് റെയിൽവേ സ്റ്റേഷനിലാണ് ക്രൂരത നടന്നത്. യുപി സ്വദേശിനിയായ പുഷ്പ ഗുപ്ത(36)യാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇവരുടെ ഭർത്താവായ ഇലക്ട്രീഷൻ രാജ്കുമാർ ഗുപ്ത(42)യെ പൊലീസ് അറസ്റ്റ് ചെയ്തു. മാച്ച് 14ന് രാവിലെ മുളുണ്ട് റെയിൽവേ സ്റ്റേഷനിലെ ഒന്നാം നമ്പർ പ്ലാറ്റ്ഫോമിൽവെച്ചാണ് രാജു ഭാര്യയെ മകന്റെ മുന്നിൽ വെച്ച് ലോക്കൽ ട്രെയിനിന് മുന്നിലേക്ക് തള്ളിയിട്ടത്. സംഭവത്തിന് പിന്നാലെ ഒളിവിൽപോയ ഭർത്താവ് രാജുവിനെ ഗുജറാത്തിലെ സൂറത്തിൽ നിന്നാണു റെയിൽവേ പൊലീസ് പിടികൂടിയത്. കുടുംബവഴക്കാണു കൊലപാതകത്തിലേക്കു നയിച്ചതെന്നു പൊലീസ് അറിയിച്ചു
ദമ്പതികൾക്കിടയിൽ നിരന്തരം തർക്കങ്ങൾ നിലനിന്നിരുന്നുവെന്ന് പുഷ്പ ഗുപ്തയുടെ സഹോദരനായ കമലേഷ് കുമാർ ഗുപ്ത (30) പൊലീസിനോട് പറഞ്ഞു. മാർച്ച് 14ന് ഇരുവരും തമ്മിൽ തർക്കമുണ്ടായി. പിന്നാലെ ഭർത്താവിനെതിരെ പരാതിയുമായി പുഷ്പ പൊലീസിനെ സമീപിച്ചു. വിവരമറിഞ്ഞ് സഹോദരിയേയും മക്കളേയും നാട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകാനായാണ് സൈന്യത്തിൽ ജോലി ചെയ്യുന്ന കമലേഷ് മുംബൈയിലെത്തിയത്. തിരിച്ച് പോരാനായി മുളുണ്ട് റെയിൽവേ സ്റ്റേഷനിലെത്തിയപ്പോഴാണ് തന്റെ ആർമി ഐഡി കാർഡ് രാജ്കുമാറിന്റെ വീട്ടിൽ മറന്നുവച്ച കാര്യം കമലേഷ് ഓർത്തത്. അത് എടുക്കാനായി അദ്ദേഹം തിരികെ പോയപ്പോൾ, പ്രകോപിതനായ പ്രതി തന്നെ വീട്ടിനുള്ളിലാക്കി പൂട്ടിയിട്ടെന്ന് കമലേഷ് പറയുന്നു.
തുടർന്ന് പ്രതി രാജ്കുമാർ മുളുണ്ട് സ്റ്റേഷനിലെത്തി. പരാതി നൽകിയത് ചോദ്യം ചെയ്യുകയും ഭാര്യയെ ഒന്നാം നമ്പർ പ്ലാറ്റ്ഫോമിൽ നിന്നും ഓടിക്കൊണ്ടിരുന്ന ലോക്കൽ ട്രെയിനിനു മുന്നിലേക്ക് തള്ളിയിടുകയുമായിരുന്നു. 13 വയസുകാരനായ മകൻ നോക്കി നിൽക്കെയായിരുന്നു പിതാവിന്റെ ക്രൂരത. സംഭവത്തിന് ശേഷം ഇയാൾ ഇവിടെ നിന്നും ഓടി രക്ഷപ്പെട്ടു. യാത്രക്കാർ സ്റ്റേഷൻ മാസ്റ്ററെ വിവരമറിയിക്കുകയും, റെയിൽവേ ഉദ്യോഗസ്ഥർ പുഷ്പയെ ഉടനെ അടുത്തുള്ള സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സ്റ്റേഷനിൽ സ്ഥാപിച്ചിട്ടുള്ള സിസിടിവി ക്യാമറകളിൽ സംഭവത്തിന്റെ മുഴുവൻ ദൃശ്യങ്ങളും പതിഞ്ഞിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഗുജറാത്തിലെ സൂറത്തിൽ നിന്നും റെയിൽവേ പൊലീസ് പ്രതിയെ പിടികൂടിയത്.




